കൊല്‍ക്കത്ത: ഐപിഎല്ലിന്‍റെ 15ാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ നാളെ (ചൊവ്വാഴ്ച) അറിയാം. ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും. ഈഡൻ ഗാർഡൻസില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലിലെത്താനാവും. തോൽക്കുന്ന ടീമിന് എലിമിനേറ്ററിലെ വിജയിയെ രണ്ടാം ക്വാളിഫയറില്‍ നേരിടാം. ബുധനാഴ്ചയാണ് മൂന്നാം സ്ഥാനക്കായ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സും നാലാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്ക് നേര്‍ വരുന്ന എലിമിനേറ്റര്‍.
ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങളിൽ 10 ജയങ്ങള്‍ നേടി ഒന്നാം സ്ഥാനക്കാരായാണ് കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യ ക്വാളിഫയറിന് യോഗ്യത നേടിയത്. സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീം കൂടിയാണ് ഹര്‍ദിക് പാണ്ഡ്യയുടെ സംഘം. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ, ശുഭ്‌മാൻ ഗിൽ, മാത്യു വെയ്‌ഡ്, ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി എന്നിവര്‍ തിളങ്ങിയാല്‍ ഗുജറാത്ത് അപകടകാരികളാവും.
മറുവശത്ത് കളിച്ച 14 മത്സരങ്ങളില്‍ ഒമ്പത് ജയം നേടിയ സഞ്‌ജു സാംസണിന്‍റെ രാജസ്ഥാന്‍ 18 പോയിന്‍റോടെ രണ്ടാം സ്ഥാനത്തെത്തിയാണ് ആദ്യ ക്വാളിഫയറിനെത്തുന്നത്. മൂന്നാം സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനും 18 പോയിന്‍റാണെങ്കിലും മികച്ച റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ മറികടന്നത്.
also read: ഇന്ത്യന്‍ ടീമില്‍ സഞ്‌ജു വേണമായിരുന്നുവെന്ന് ഹര്‍ഷ ഭോഗ്‌ലെ
ക്യാപ്‌റ്റന്‍ സഞ്‌ജു സാംസണ്‍, ജോസ് ബട്‍ലര്‍, ദേവ്ദത്ത് പടിക്കല്‍, ട്രെന്‍ഡ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചാഹൽ, കുല്‍ദീപ് സെന്‍ തുടങ്ങിയ താരങ്ങളുടെ പ്രകടനം രാജസ്ഥാന് നിര്‍ണായകമാവും.
ഈ സീസണില്‍ ഗുജറാത്തും രാജസ്ഥാനും രണ്ടാം തവണ മുഖാമുഖം വരുന്ന മത്സരമാണിത്. നേരത്തെ പരസ്‌പരം ഏറ്റുമുട്ടിയപ്പോള്‍ 37 റണ്‍സിന് ഗുജറാത്ത് രാജസ്ഥാനെ തകര്‍ത്തിരുന്നു. ഈ കണക്ക് തീര്‍ക്കാന്‍ കൂടിയാവും രാജസ്ഥാനിറങ്ങുക.