ദുബായ്: അഭിമാനപ്പോരിനിറങ്ങിയ ചെന്നൈയുടെ ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞപ്പോൾ ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്‌സിന് 20 ഓവറില്‍ നേടാനായത് 145 റൺസ് മാത്രം. അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റൻ വിരാട് കോലി (43 പന്തില്‍ 50) യാണ് ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 36 പന്തില്‍ 39 റണ്‍സുമായി ഡിവില്ലിയേഴ്‌സ് കോലിക്ക് പിന്തുണ നല്‍കി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബാംഗ്ലൂരിന് ഫിഞ്ചും ദേവ് ദത്ത് പടിക്കലും മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ നാലാം ഓവറിന്‍റെ അവസാന പന്തില്‍ 11 പന്തില്‍ 15 റണ്‍സുമായി ഫിഞ്ച് മടങ്ങിയതോടെ ബാംഗ്ലൂരിന്‍റെ സ്‌കോറിങ് വേഗം കുറഞ്ഞു. പിന്നാലെ വന്ന കോലിയും ഡിവില്ലിയേഴ്‌സും കരുതലോടെ കളിച്ചെങ്കിലും സ്‌കോര്‍ ഉയര്‍ത്താനായില്ല. ഇന്നിങ്സില്‍ രണ്ട് സിക്‌സ് മാത്രമാണ് ബാംഗ്ലൂരിന്‍റെ കീര്‍ത്തി കേട്ട ബാറ്റിങ് നിരയ്‌ക്ക് സ്വന്തമാക്കാനായത്. മൂന്ന് ഓവറില്‍ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സാം കറൻ ചെന്നൈ ബോളിങ് നിരയെ മുന്നില്‍ നിന്ന് നയിച്ചു. ദീപക് ചഹാര്‍ രണ്ട് വിക്കറ്റ് നേടി.
11 കളികളില്‍ നിന്ന് മൂന്ന് വിജയം മാത്രം നേടി ആറ് പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്സ് ലീഗില്‍ നിന്ന് ഏകദേശം പുറത്തായ അവസ്ഥയിലാണ്. മറുവശത്ത് ബാംഗ്ലൂരിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാണ്. 10 കളികളില്‍ നിന്ന് ഏഴ് ജയം നേടിയ ബാംഗ്ലൂര്‍ 14 പോയന്‍റുമായി മൂന്നാം സ്ഥാനത്തുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ച ബാംഗ്ലൂര്‍ ആത്മവിശ്വാസത്തിലാണ്. അവശേഷിക്കുന്ന മത്സരങ്ങളിലെങ്കിലും ജയിച്ച് നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനാണ് ധോണിയുടെയും സംഘത്തിന്‍റെയും ലക്ഷ്യം.