ദുബായ്: ഐപിഎല്ലില്‍ ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുലും പര്‍പ്പിള്‍ ക്യാപിനായുള്ള പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പേസര്‍ കാസിഗോ റബാദയും മുന്നില്‍. സീസണില്‍ ഇതിനകം മൂന്ന് മത്സരങ്ങളില്‍ നിന്നായി 222 റണ്‍സാണ് രാഹുലിന്‍റെ പേരിലുള്ളത്.
ഐപിഎല്ലിന്‍റെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരം സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഈ സീസണിലാണ് രാഹുല്‍ സ്വന്തം പേരില്‍ കുറിച്ചത്. ആര്‍സിബിക്ക് എതിരായ മത്സരത്തില്‍ പുറത്താകാതെ 132 റണ്‍സ് എടുത്തതോടെയാണ് ഈ നേട്ടം രാഹുല്‍ സ്വന്തമാക്കിയത്. സീസണില്‍ ഒരു അര്‍ദ്ധസെഞ്ച്വറിയും അക്കൗണ്ടില്‍ ചേര്‍ത്ത രാഹുല്‍ ഇതിനകം ഫോമിലേക്ക് ഉയര്‍ന്നുകഴിഞ്ഞു.
സഹതാരവും പഞ്ചാബിന്‍റെ ഓപ്പണറുമായ മായങ്ക് അഗര്‍വാളാണ് രാഹുലിന് വെല്ലുവിളി ഉയര്‍ത്തുന്നത്. പഞ്ചാബിനായി സീസണില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി 221 റണ്‍സാണ് അഗര്‍വാള്‍ സ്വന്തം പേരില്‍ കുറിച്ചത്. കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 100 റണ്‍സും ഇതിനിടെ അഗര്‍വാള്‍ സ്വന്തമാക്കി. രാജസ്ഥാന്‍ റോയല്‍സിന് എതിരാ മത്സരത്തിലായിരുന്നു മായങ്കിന്‍റെ സെഞ്ച്വറി പ്രകടനം. ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ സൂപ്പര്‍ താരം ഫാഫ് ഡുപ്ലെസിയാണ് മൂന്നാമത്. 173 റണ്‍സാണ് ഡുപ്ലെസിയുടെ പേരിലുള്ളത്.
ബൗളര്‍മാരില്‍ പര്‍പ്പിള്‍ ക്യാപിനായുള്ള പോരാട്ടത്തില്‍ കിങ്സ് ഇലവന്‍റെ മുഹമ്മദ് ഷമിയുമായാണ് ഡല്‍ഹിയുടെ പേസര്‍ കാസിഗോ റബാദയുടെ മത്സരം. ഇരുവരും ഇതിനകം മൂന്ന് മത്സരങ്ങളില്‍ നിന്നായി ഏഴ് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ചെന്നൈയുടെ സാം കറാനാണ് പട്ടികയില്‍ മൂന്നാമത്.