ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ആറ് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്‍റുമായി സൺറൈസേഴ്സ് ആറാമതും ഏഴ് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്‍റുമായി ഡൽഹി നാലാം സ്ഥാനത്തുമാണ്. സീസണിന്‍റെ തുടക്കത്തിലെ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കാത്തതാണ് സൺറൈസേഴ്സിന് തലവേദനയാകുന്നത്. അവസാന രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഹൈദരാബാദിന് പ്ലേഓഫ് സാധ്യത നിലനിർത്താൻ ഇന്ന് ജയം അനിവാര്യമാണ്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന കെയിൻ വില്യംസണ്‍ ഇന്നത്തെ മത്സരത്തില്‍ തിരിച്ചെത്തിയേക്കും. മികച്ച താരങ്ങളുണ്ടെങ്കിലും അവസരത്തിനൊത്ത് ഫോം കണ്ടെത്താന്‍ സാധിക്കാത്തതാണ് ഹൈദരാബാദിന്‍റെ പ്രശ്നം. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് ഹൈദരാബാദിന്‍റെ പ്രതീക്ഷകൾ. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങുന്ന അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാനും മുഹമ്മദ് നബിയും ടീമിന്‍റെ ശക്തിയാണ്. ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ബൗളിംഗ് നിര ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നത്.
അവസാന മത്സരത്തില്‍ കരുത്തരായ കൊല്‍ക്കത്തയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഡല്‍ഹി ഇന്ന് ഹൈദരാബാദിനെതിരെ ഇറങ്ങുന്നത്. കഴിഞ്ഞ കളിയിൽ ബൗളിംഗ് നിര ഫോമിലേക്ക് ഉയർന്നതും ഡൽഹിക്ക് പ്രതീക്ഷ നൽകുന്നു. ഓപ്പണർ ശിഖർ ധവാനും ഫോമിലേക്ക് വന്നിട്ടുണ്ട്. എന്നാൽ പൃഥ്വി ഷാ ഓപ്പണിംഗിൽ സ്ഥിരത കാട്ടാത്തതാണ് ഡൽഹി നേരിടുന്ന പ്രശ്നം. നായകൻ ശ്രേയസ് അയ്യരും റിഷഭ് പന്തും ഫോമിലെത്തിയിട്ടുണ്ട്. ക്രിസ് മോറിസിന്‍റെ ഓൾ റൗണ്ട് സാന്നിദ്ധ്യം ഡല്‍ഹിക്ക് കരുത്താണ്. കഗിസോ റബാഡയുടെ ഫാസ്റ്റ് ബൗളിങ്ങിനൊപ്പം ഇഷാന്ത് ശര്‍മയും മോറിസും മികച്ചരീതിയിൽ പന്തെറിയുന്നതും ഡല്‍ഹിക്ക് പ്രതീക്ഷ നൽകുന്നു. ഐപിഎല്ലിൽ ഇരുടീമും 13 തവണ ഏറ്റുമുട്ടിയപ്പോൾ ഒമ്പത് തവണ സൺറൈസേഴ്സും അഞ്ച് തവണ ഡൽഹിയും ജയിച്ചു. ഹൈദരാബാദിൽ രാത്രി എട്ട് മണിക്കാണ് മത്സരം.