ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 134 റൺസ് വിജയലക്ഷ്യം. പ്ലേഓഫ് യോഗ്യത ലക്ഷ്യമാക്കി ഇറങ്ങിയ കൊൽക്കത്തക്ക് ക്രിസ് ലിന്നിന്‍റെ (41) ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്കോര്‍ നേടിക്കൊടുത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നൈറ്റ് റൈഡേഴ്സിന് ക്രിസ് ലിൻ മോശമല്ലാത്ത തുടക്കം നൽകി. മറുവശത്ത് ഫോം കണ്ടെത്താനാകാതെ ശുഭ്മാന്‍ ഗില്‍. ഏഴാം ഓവറിൽ ഗില്ലിനെ പുറത്താക്കി ഹാർദിക് പാണ്ഡ്യ കൊൽത്തക്ക് ആദ്യ പ്രഹരം നൽകി. ഒമ്പതാം ഓവറിൽ 29 ബോളിൽ നിന്ന് 41 റൺസെടുത്ത ലിന്നും പുറത്ത്. പുറകെ എത്തിയ നായകൻ ദിനേശ് കാർത്തിക്കും ആന്ദ്രേ റസലും വേഗത്തിൽ മടങ്ങിയപ്പോൾ നൈറ്റ് റൈഡേഴ്സ് സമ്മർദ്ദത്തിലായി. പിന്നീട് ഉത്തപ്പയും നിതീഷ് റാണയും സ്കോർ മുന്നോട്ട് നീക്കി. ഇരുവരും അഞ്ചാം വിക്കറ്റിൽ 37 റൺസ് കൂട്ടിച്ചേർത്തു. 18-ാം ഓവറിൽ റാണ പുറത്തായതോടെ കൊൽക്കത്തക്ക് അവസാന ഓവറുകളിൽ റൺസ് കണ്ടെത്താൻ സാധിച്ചില്ല. ക്രീസിൽ ഉത്തപ്പയുണ്ടായിരുന്നെങ്കിലും 47 പന്തിൽ 40 റൺസാണ് താരത്തിന് നേടാനായത്. ബാറ്റ്സ്മാൻമാർ കളി മറന്നപ്പോൾ കൊൽക്കത്ത 133 റൺസിൽ ഒതുങ്ങി. മുംബൈക്കായി ലസിത് മലിംഗ നാലോവറിൽ 35 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.