ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കിങ്സ് ഇലവൻ പഞ്ചാബിനെ നേരിടും. തുടര്‍ച്ചയായ തോല്‍വികൾക്കുശേഷം വിജയവഴിയിലേക്ക് തിരിച്ചുവന്ന ആർസിബി ഇനിയുള്ള മത്സരങ്ങളിൽ ജയിച്ച് പ്ലേഓഫിലേക്ക് എത്താൻ ശ്രമിക്കുമ്പോൾ അഞ്ചാം സ്ഥാനത്തുള്ള പഞ്ചാബും പ്ലേഓഫിനായി പൊരുതുകയാണ്.
സീസണിൽ തുടര്‍ച്ചയായി ആറ് മത്സരങ്ങളിൽ തോറ്റശേഷമാണ് ബാംഗ്ലൂര്‍ ആദ്യജയം സ്വന്തമാക്കിയത്. ഒടുവിലത്തെ രണ്ട് മത്സരങ്ങളും ജയിച്ചെങ്കിലും പോയിന്‍റ് പട്ടികയില്‍ ഏറ്റവും അവസാനമാണ് ആർസിബി. കഴിഞ്ഞ മത്സരത്തിൽ വിരാട് കോലി നിരാശപ്പെടുത്തിയെങ്കിലും ഇന്ന് ഫോമിലേക്ക് തിരിച്ചെത്തുമാണ് പ്രതീക്ഷ. പാർത്ഥിവ് പട്ടേലും മോയിൻ അലിയും ബാറ്റിംഗിൽ സ്ഥിരത കാട്ടുന്നത് കോലിക്ക് ആശ്വാസമാണ്. ബൗളിംഗ് നിരയിൽ ഡെയിൽ സ്റ്റെയിന്‍റെയും നവ്ദീപ് സൈനിയുടെയും പ്രകടനം ആത്മവിശ്വാസം നൽകുന്നു. എന്നാൽ കഴിഞ്ഞ കളിയിൽ ഉൾപ്പടെ മോശം പ്രകടനം കാഴ്ച്ചവെക്കുന്ന ഉമേഷ് യാദവിനെ ബാംഗ്ലൂർ ഒഴിവാക്കിയേക്കും.
സീസണില്‍ മോശമല്ലാത്ത പ്രകടനം നടത്തുന്ന ടീമാണ് കിങ്‌സ് ഇലവന്‍. നിലവിൽ പത്ത് മത്സരങ്ങൾ പൂർത്തിയാക്കിയ പഞ്ചാബ് അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ ഡൽഹിയോട് തോറ്റ പഞ്ചാബിന് പ്ലേഓഫ് സാധ്യത നിലനിർത്താൻ ഇന്ന് ജയം അനിവാര്യമാണ്. ഓപ്പണിംഗിൽ ക്രിസ് ഗെയിലും കെഎൽ രാഹുലും നന്നായി കളിക്കുന്നുണ്ടെങ്കിലും മധ്യനിരയിൽ ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തുന്നതാണ് പഞ്ചാബിന്‍റെ തലവേദന. ബൗളിംഗിൽ മുഹമ്മദ് ഷമിയും നായകൻ ആർ അശ്വിനും, മുരുഗൻ അശ്വിനും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട്. ടീമിൽ കാര്യമായ മാറ്റങ്ങളില്ലാതെയാകും പഞ്ചാബ് ഇറങ്ങുക.