വിശാഖപ്പട്ടണം: സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ മലയാളി താരം ബേസില്‍ തമ്പിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അസഭ്യവർഷവുമായി ആരാധകർ. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇന്നലെ നടന്ന എലിമിനേറ്ററില്‍ മോശം പ്രകടനം കാഴ്ചവച്ചതിന്‍റെ പേരിലാണ് ആരാധകർ ബേസിലിനെതിരെ തിരിഞ്ഞത്.
കഴിഞ്ഞ സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഈ സീസണില്‍ തീർത്തും നിറം മങ്ങിയ പ്രകടനമാണ് ബേസില്‍ തമ്പി കാഴ്ചവച്ചത്. ഒടുവില്‍ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ പുറത്താകലിനും കാരണക്കാരനായത് ഈ മലയാളി താരമാണ്. ബേസിലിന്‍റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ അസഭ്യവർഷം നടത്തുന്നതില്‍ ഉത്തരേന്ത്യക്കാരാണ് മുന്നിലെങ്കിലും മലയാളികളും ഒട്ടും കുറവല്ല. അതേസമയം ബേസിലിനെ പിന്തുണച്ചും ആരാധകർ വരുന്നുണ്ട്. സ്റ്റാർ ബൗളറായ ഭുവനേശ്വർ കുമാർ പോലും നല്ല രീതിയില്‍ റൺസ് വഴങ്ങിയ മത്സരത്തില്‍ ബേസിലിനെ മാത്രം എന്തിന് കുറ്റപ്പെടുത്തുന്നു എന്നാണ് പിന്തുണയ്ക്കുന്നവരുടെ ചോദ്യം.
ഡല്‍ഹിക്കെതിരായ നിർണായക മത്സരത്തില്‍ ആദ്യ മൂന്ന് ഓവറില്‍ 19 റൺസ് മാത്രം വഴങ്ങിയ ബേസിലിനെ 18ാം ഓവറില്‍ റിഷഭ് പന്ത് 22 റൺസാണ് അടിച്ചുകൂട്ടിയത്. ഹൈദരാബാദിന്‍റെ തോല്‍വിക്ക് കാരണമായതും ഈ ഓവറായിരുന്നു. ഐപിഎല്ലില്‍ 19 മത്സരങ്ങൾ കളിച്ച ബേസില്‍ 16 വിക്കറ്റുകൾ ഇതുവരെ സ്വന്തമാക്കി.