നാളെ കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടാനൊരുങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്സിന് തിരിച്ചടിയായി ഡ്വേയ്ൻ ബ്രാവോയുടെ പരിക്ക്. പേശിവലിവാണെന്നും രണ്ടാഴ്ച്ചയോളം കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്നുമാണ് റിപ്പോർട്ടുകൾ.
ചെന്നൈയെ സംബന്ധിച്ചിടത്തോളം ബ്രാവോയുടെ അഭാവം വലിയ തിരിച്ചടിയാണ്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങുന്ന ബ്രാവോയുടെ പരിക്ക് ടീമിന്‍റെ ഘടനയെ തന്നെ ബാധിക്കുമെന്ന് ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസി പറഞ്ഞു. എന്നാല്‍ ഇതിനെ നേരിടാൻ ടീമെന്ന നിലയില്‍ ചെന്നൈക്ക് കഴിയുമെന്ന് ഹസി വ്യക്തമാക്കി.
ഡെത്ത് ഓവറുകളില്‍ ബ്രാവോയുടെ അഭാവം ചെന്നൈയെ സാരമായി ബാധിക്കും. ഒരു മത്സരത്തിലൊഴികെ ബ്രാവോയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നു. ബ്രാവോയുടെ അഭാവത്തില്‍ സ്കോട്ട് കുഗ്ഗെലൈനെ ചെന്നൈ അന്തിമ ഇലവനില്‍ ഉൾപ്പെടുത്തിയേക്കും.
ബ്രാവോയുടെ പരിക്കിനൊപ്പം ഫഫ് ഡുപ്ലീസി, ഇമ്രാൻ താഹിർ എന്നീ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ വിടപറയലും ചെന്നൈക്ക് തിരിച്ചടിയാകും. ലോകകപ്പ് തയ്യാറെടുപ്പുകൾക്കായി ഇരുവരും നാട്ടിലേക്ക് മടങ്ങും. ഇതോടെ വരാനിരിക്കുന്ന മത്സരങ്ങൾ ധോണിപ്പടയ്ക്ക് എളുപ്പമാകില്ലെന്ന് ഉറപ്പാണ്.