ഐപിഎല്‍ എന്ന ക്രിക്കറ്റ് മാമാങ്കത്തില്‍ ആരാധകരെ ആവേശത്തിലാഴ്ത്താനും ടീമിന്‍റെ സ്കോറിംഗ് വേഗത വർധിപ്പിക്കാനുമാണ് ബാറ്റ്സ്മാൻമാർ സിക്സറുകൾക്ക് ശ്രമിക്കുന്നത്. എന്നാല്‍ ഫീല്‍ഡർമാരുടെ ഇടയിലൂടെ പന്തിനെ അനായാസം ബൗണ്ടറിയിലേക്ക് എത്തിക്കുന്ന ചില ബാറ്റ്സ്മാൻമാരുടെ കഴിവ് എടുത്ത് പറയേണ്ടതാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പതിനൊന്ന് വർഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികൾ സ്വന്തമാക്കിയ ബാറ്റ്സ്മാൻമാർ ഇവരാണ്.
#1 ഗൗതം ഗംഭീർ
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ താരമെന്ന റെക്കോഡ് ഇന്ത്യയുടെ മുൻ ഓപ്പണറായ ഗൗതം ഗംഭീറിന്‍റെ പേരിലാണ്. 154 മത്സരങ്ങളില്‍ നിന്ന് 491 ബൗണ്ടറികളാണ് ഗംഭീർ സ്വന്തമാക്കിയത്. 2007 ടി-20 ലോകകപ്പിലും 2011 ലെ ഏകദിന ലോകകപ്പിലും ഇന്ത്യയുടെ വിജയത്തില്‍ നിർണായക പങ്ക് വഹിച്ച ഗംഭീർ, ലീഗില്‍ 31.23 ശരാശരിയില്‍ 4217 റൺസും നേടിയിട്ടുണ്ട്. 2018 ഡിസംബറില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഗംഭീർ ഐപിഎല്ലില്‍ ഡല്‍ഹി ഡെയർഡെവിൾസിന് വേണ്ടിയും കൊല്‍കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയുമാണ് കളിച്ചിട്ടുള്ളത്.
#2 ശിഖർ ധവാൻ
ഇന്ത്യയുടെ ഓപ്പണറായ ശിഖർ ധവാനാണ് ബൗണ്ടറികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. 143 ഇന്നിംഗ്സുകളില്‍ നിന്ന് 460 ബൗണ്ടറികളാണ് ധവാൻ സ്വന്തമാക്കിയത്. ഐപിഎല്ലില്‍ ഡെക്കാൻ ചാർജേഴ്സ്, മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഡല്‍ഹി ഡെയർഡെവിൾസ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് ധവാൻ കളിച്ചിട്ടുള്ളത്. ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളിക്കുന്ന ധവാന് ഗംഭീറിനെ പിന്നിലാക്കാന്‍ കഴിഞ്ഞേക്കും. 33.26 ശരാശരിയില്‍ 32 അർധ സെഞ്ച്വറികൾ ഉൾപ്പെടെ 4058 റൺസാണ് ധവാന്‍റെ സമ്പാദ്യം.
#3 സുരേഷ് റെയ്ന
ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ 'ചിന്നതല' എന്ന അറിയപ്പെടുന്ന സുരേഷ് റെയ്ന ബൗണ്ടറികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ്. ചെന്നൈ സൂപ്പർ കിംഗ്സിനും ഗുജറാത്ത് ലയൺസിനും വേണ്ടി ജേഴ്സിയണിഞ്ഞിട്ടുള്ള 32 കാരനായ റെയ്ന 448 ബൗണ്ടറികൾ സ്വന്തമാക്കിയിട്ടുണ്ട്. 176 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 34.37 ശരാശരിയില്‍ 4985 റൺസ് നേടിയ റെയ്നയാണ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റൺസ് നേടിയ ബാറ്റ്സ്മാൻ.
#4 വിരാട് കോഹ്ലി
ക്രിക്കറ്റ് റെക്കോഡുകളുടെ തോഴനാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. പുതിയ റെക്കോഡുകൾ സൃഷ്ടിച്ച് അത് സ്വയം മറികടക്കുന്നതാണ് കോഹ്ലിയുടെ ശീലം. കോഹ്ലിയുടെ ബാറ്റില്‍ നിന്നും പിറക്കുന്ന ബൗണ്ടറികൾക്ക് ഒരു പ്രത്യേക ഭംഗി തന്നെയാണ്. ഐപിഎല്ലില്‍ 163 മത്സരങ്ങൾ കളിച്ചിട്ടുള്ള റോയല്‍ ചലഞ്ചേഴ്സ് നായകൻ 434 ബൗണ്ടറികൾ ഇതുവരെ നേടിയിട്ടുണ്ട്. നിലവിലെ ഫോം തുടർന്നാല്‍ ഈ സീസണില്‍ ബൗണ്ടറികളുടെ എണ്ണം 500 കടത്താനും കോഹ്ലിക്ക് കഴിഞ്ഞേക്കും. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റൺസ് നേടിയവരില്‍ രണ്ടാം സ്ഥാനത്താണ് കോഹ്ലി. 38.35 ശരാശരിയില്‍ നാല് സെഞ്ച്വറികളും 34 അർധ സെഞ്ച്വറികളും ഉൾപ്പെടെ 4948 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം.
#5 റോബിൻ ഉത്തപ്പ
ട്വന്‍റി-20ല്‍ നിന്നും ഉയർന്നുവന്ന ഇന്ത്യൻ താരം റോബിൻ ഉത്തപ്പ 165 മത്സരങ്ങളില്‍ നിന്നും സ്വന്തമാക്കിയത് 401 ബൗണ്ടറികളാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായിരുന്ന സമയത്താണ് ഉത്തപ്പ കരിയറിലെ മികച്ച പ്രകടനം കാഴ്ചവച്ചത്. മുംബൈ ഇന്ത്യൻസ്, പൂനെ വാരിയേഴ്സ്, റോയല്‍ ചലഞ്ചേഴ്സ് എന്നീ ടീമുകൾക്ക് വേണ്ടിയും ഉത്തപ്പ ജേഴ്സിയണിഞ്ഞിട്ടുണ്ട്. 28.57 ശരാശരിയില്‍ 4086 റൺസ് നേടിയ ഉത്തപ്പ 23 അർധ സെഞ്ച്വറികളും സ്വന്തമാക്കിയിട്ടുണ്ട്.