ലാഹോര്‍ : ശ്രീലങ്കന്‍ പര്യടനത്തില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാവാത്ത സഞ്ജു സാംസണെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോഴിതാ ഈ നിരയിലേക്ക് ചേരുകയാണ് പാകിസ്ഥാന്‍ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്.
സഞ്ജു സാംസണ്‍ മടിയനായ ബാറ്റ്സ്മാനാണെന്നാണ് തനിക്ക് തോന്നുന്നതെന്നായിരുന്നു ബട്ടിന്‍റെ വിമര്‍ശനം. തീര്‍ത്തും നിരുത്തരവാദിത്വപരമായാണ് സഞ്ജു ബാറ്റ് ചെയ്യുന്നതെന്നും സല്‍മാന്‍ ബട്ട് കുറ്റപ്പെടുത്തി.
തന്‍റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സഞ്ജുവിനെതിരെ സല്‍മാന്‍ ബട്ട് രംഗത്തെത്തിയത്. 'സഞ്ജു ഒരു മടിയനായ ബാറ്റ്സ്മാനായിട്ടാണ് എനിക്ക് തോന്നുന്നത്.
ഒരു ബോളറെ നിങ്ങള്‍ക്ക് കളിക്കാനാവുന്നില്ലെങ്കില്‍ പാഡിനെ ബാറ്റുകൊണ്ട് സംരക്ഷിക്കണം. പക്ഷേ എന്നിട്ടും അവന്‍ ബാക്ക് ഫൂട്ടില്‍ അക്രോസ് ദ ലൈനില്‍ കളിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇതോടെ പന്ത് മിസ് ചെയ്ത താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയും ചെയ്തു. അവന്‍ അലസമായാണ് കളിയെ സമീപിച്ചതെന്ന് തോന്നുന്നു. ടീമില്‍ അഞ്ച് ബാറ്റ്‌സ്മാന്‍മാരേ ഉള്ളൂവെന്നും അതില്‍ ഒരാള്‍ നിങ്ങളാണെന്നും, രണ്ട് പേര്‍ നേരത്തേ പുറത്തുപോയെന്നും ബോധ്യമുണ്ടെങ്കില്‍ കുറച്ച് കൂടെ ശ്രദ്ധ പുലര്‍ത്തണം. എന്നാല്‍ അവനില്‍ അതുകണ്ടില്ല' - സല്‍മാന്‍ ബട്ട് പറഞ്ഞു.
സ്വന്തമായൊരു പേരുണ്ടാക്കാന്‍ പറ്റിയ അവസരം സഞ്ജു കളഞ്ഞുകുളിച്ചെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു. 'നിങ്ങളുടേത് അംഗീകരിക്കപ്പെട്ട ഒരു പേരാണെങ്കില്‍ വലിയ മത്സരങ്ങളില്‍ സ്വയം തെളിയിക്കാനാവണം.
ഈ അവസരം മുതലാക്കാനായിരുന്നെങ്കില്‍ അവന്‍ എപ്പോഴും ഓര്‍മിക്കപ്പെടുമായിരുന്നു' സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു. ടി20 ലോക കപ്പിന് മുന്നോടിയായി സഞ്ജുവിന് മുന്നിലുള്ളത് ഐപിഎല്ലിലെ ബാക്കി മത്സരങ്ങളാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.