ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ഓസ്‌ട്രേലിയന്‍ പര്യടനം സെപ്‌റ്റംബറില്‍. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് പര്യടനത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ഓസിസ് വനിതാ പേസ് ബൗളര്‍ മേഗന്‍ സ്‌കോട്ട് അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍. അടുത്ത സെപ്‌റ്റംബറില്‍ തങ്ങള്‍ ഇന്ത്യന്‍ ടീമിനെ നേരിടുമെന്നാണ് സ്‌കോട്ട് പറയുന്നത്. പര്യടനവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ അടുത്ത ദിവസം തന്നെ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.
ഈ വര്‍ഷം ജനുവരിയില്‍ നടത്താനിരുന്ന ടൂര്‍ണമെന്‍റാകും സെപ്‌റ്റംബറില്‍ നടക്കുക. മൂന്ന് മത്സരങ്ങളുള്ള എകദിന പരമ്പരയാകും പര്യടനത്തിന്‍റെ ഭാഗമായി ഇന്ത്യ കളിക്കുക. അതേസമയം മൂന്ന് ടി20 മത്സരങ്ങള്‍ കൂടി പര്യടനത്തിന്‍റെ ഭാഗമായി നടക്കുമെന്നാണ് സൂചന.
കൂടുതല്‍ വായനക്ക്: കാത്തിരിപ്പ് സഫലമായി; ഒടുവില്‍ ലെസ്റ്റര്‍ എഫ്‌എ കപ്പില്‍ മുത്തമിട്ടു
നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ വനിതാ ടീം. ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിനവും ടി20യും ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടില്‍ കളിക്കും. ടെസ്റ്റ്, ഏകദിന ടീമുകളെ മിതാലി രാജ് നയിക്കുമ്പോള്‍ ടി20 ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ വനിതാ ടീം ടെസ്റ്റ് കളിക്കുന്നുവെന്ന പ്രത്യേകതയും പര്യടനത്തിനുണ്ട്.