ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ 400 റണ്‍സ് അടിച്ചുകൂട്ടി വിമര്‍ശകരുടെ വായടപ്പിച്ചിട്ട് ഇന്നേക്ക് 18 വര്‍ഷം. ഇംഗ്ലണ്ടിനെതിരായ സെന്‍റ് ജോണ്‍സ് പാര്‍ക്ക് ടെസ്റ്റിലെ മൂന്നാം ദിവസത്തിലായിരുന്നു വിന്‍ഡീസ് നായകന്‍ ലാറയുടെ ചരിത്ര നേട്ടം. 2004 ഏപ്രില്‍ 12 ആയിരുന്നു ആ ദിവസം. ഈസ്റ്റര്‍ കഴിഞ്ഞ് തൊട്ടടുത്ത ദിവസം. ക്രൂശിക്കപ്പെട്ടവന്‍റെ അത്‌ഭുതങ്ങള്‍ക്ക് സെന്‍റ് ജോണ്‍സ് പാര്‍ക്ക് സാക്ഷിയായി.
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് അന്ന് ലാറ സ്വന്തമാക്കിയത്. 582 പന്തുകളില്‍ നിന്നായിരുന്നു ആ റെക്കോഡ് നേട്ടം. നാല് സിക്‌സും 43 ബൗണ്ടറിയുമായി നായകന്‍ ലാറ പുറത്താകാതെ നിന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ആദ്യ ഇന്നിങ്സില്‍ 751 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഇംഗ്ലണ്ടിനെ ഫോളോ ഓണിന് അയക്കാന്‍ കരീബിയന്‍സിന് സാധിച്ചെങ്കിലും ടെസ്റ്റ് ജയിക്കാനായില്ല. മത്സരം സമനിലയിലായി. പരമ്പര 3-0ത്തിന് ഇംഗ്ലണ്ട് സ്വന്തമാക്കി.
ഇതൊക്കെയാണെങ്കിലും ലാറയുടെ ആ റെക്കോഡ് തകര്‍ക്കാന്‍ ഇതേവരെ ആര്‍ക്കുമായിട്ടില്ല. പരമ്പര കൈവിട്ടെങ്കിലും ലാറയുടെ റെക്കോഡിന്‍റെ പേരില്‍ സെന്‍റ് ജോര്‍ജിലെ ഓര്‍മകള്‍ കരീബിയന്‍സിനൊപ്പം ക്രിക്കറ്റ് പ്രേമികള്‍ക്കും എക്കാലവും പ്രിയപ്പെട്ടതാണ്. കരിയറിലെ അവസാന കാലത്തായിരുന്നു ലാറയുടെ മാസ്‌മരിക ഇന്നിങ്സ്. ഇംഗ്ലണ്ടിനെതിരെ സ്വന്തം നാട്ടില്‍ നടന്ന പരമ്പരയിലെ മുമ്പ് നടന്ന മൂന്ന് ടെസ്റ്റിലും അര്‍ധസെഞ്ച്വറി പോലും നേടാനാകാതെ വിമര്‍ശനങ്ങളുടെ കൂരമ്പേറ്റ ശേഷമായിരുന്നു ലാറയുടെ തിരിച്ചുവരവ്.