ഇന്‍ഡോർ : ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്‍കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ്, മൂന്നാം ദിനത്തിന്‍റെ ആദ്യ സെഷനില്‍ തന്നെ അവസാനിച്ചിരുന്നു. സ്‌പിന്നര്‍മാരെ അമിതമായി പിന്തുണച്ച ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലെ പിച്ചിന് മാര്‍ക്കിട്ടിരിക്കുകയാണ് ഐസിസി. മോശം റേറ്റിങ്ങാണ് പിച്ചിന് ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡ് നല്‍കിയിരിക്കുന്നത്.
ഇതോടെ പിച്ചിന് മൂന്ന് ഡീമെറിറ്റ് പോയിന്‍റുകളും ലഭിച്ചു. ഹോള്‍ക്കർ സ്റ്റേഡിയത്തിലെ പിച്ച് ഏറെ വരണ്ടതായിരുന്നു. ബാറ്റിങ്ങിനും ബോളിങ്ങിനും സന്തുലിതമായിരുന്നില്ലെന്നും മാച്ച് റഫറി ക്രിസ് ബ്രോഡ് ഐസിസിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടക്കം മുതല്‍ സ്‌പിന്നര്‍മാരെ പിന്തുണച്ച പിച്ചില്‍ പ്രവചനാതീതമായ ബൗണ്‍സാണ് ഉണ്ടായത്. ഒന്നാം ഇന്നിങ്‌സിലെ അഞ്ചാം പന്ത് തൊട്ട് പ്രതലം തകരാന്‍ ആരംഭിച്ചിരുന്നുവെന്നും ബ്രോഡ് ഐസിസിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാച്ച് റഫറിയുടെ തീരുമാനത്തിനെതിരെ വേണമെങ്കില്‍ ഐസിസിക്ക് അപ്പീല്‍ നല്‍കാന്‍ ബിസിസിഐക്ക് 14 ദിവസത്തെ സമയമുണ്ട്.
ഒരു പിച്ചിന് അഞ്ച് വർഷത്തിനിടെ അഞ്ചോ അതില്‍ കൂടുതലോ ഡീമെറിറ്റ് പോയിന്‍റുകള്‍ ലഭിച്ചാല്‍ 12 മാസത്തേക്ക് ഏതെങ്കിലും അന്താരാഷ്ട്ര മത്സരം നടത്തുന്നതിന് വിലക്ക് ലഭിക്കുമെന്നാണ് നിയമം.
പ്രതീക്ഷ തെറ്റിച്ച് ഇന്‍ഡോര്‍ പിച്ച് : ബോർഡർ-ഗവാസ്‍കർ ട്രോഫി പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും മൂന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് പൂര്‍ത്തിയായത്. നാഗ്‌പൂരിലും ഡല്‍ഹിയിലും നടന്ന മത്സരങ്ങളില്‍ സ്‌പിന്നര്‍മാര്‍ തന്നെയായിരുന്നു കളം വാണത്. ഈ പിച്ചുകളെ അപേക്ഷിച്ച് ബാറ്റിങ് സൗഹൃദമാകും ഇന്‍ഡോർ പിച്ചെന്നാണ് പൊതുവെ വിലയിരുത്തലുണ്ടായത്.
ഇതോടെ ഇരു ടീമുകളും മൂന്ന് പേസര്‍മാരെ വരെ കളിപ്പിച്ചേക്കാമെന്ന തരത്തില്‍ വരെ ചര്‍ച്ചകളുമുണ്ടായിരുന്നു. എന്നാല്‍ മത്സരത്തിന്‍റെ തുടക്കം മുതല്‍ സ്‌പിന്നര്‍മാര്‍ക്ക് പിന്തുണ ലഭിച്ച പിച്ചില്‍ അപ്രതീക്ഷിത ടേണുകളും ബൗണ്‍സുമാണുണ്ടായത്. ഹോൾക്കർ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്‌ക്ക് ആദ്യ സെഷനില്‍ തന്നെ 84 റണ്‍സിന് ഏഴ് വിക്കറ്റുകളാണ് നഷ്‌ടമായത്.
ഇതോടെ ഉച്ചഭക്ഷണത്തിന്‍റെ ഇടവേളയിൽ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് ക്യൂറേറ്ററുമായി പിച്ച് പരിശോധിക്കുന്നതും കാണാന്‍ കഴിഞ്ഞിരുന്നു. പലപ്പോഴും പന്ത് ഏറെ താഴ്‌ന്ന് വന്നതും ബാറ്റര്‍മാരെ ഏറെ പ്രതിരോധത്തിലാക്കി.
'ഞങ്ങള്‍ക്ക് വേണ്ടത് ഈ പിച്ച്': മത്സര ശേഷം ഇന്ത്യന്‍ പിച്ചുകളെ പിന്തുണച്ചുകൊണ്ടാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ സംസാരിച്ചത്. തങ്ങള്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന പിച്ചാണിതെന്നാണ് രോഹിത് പറഞ്ഞത്. "സത്യസന്ധമായി പറഞ്ഞാൽ, ഞങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്ന പിച്ചാണിത്.
ഇതാണ് ഞങ്ങളുടെ ശക്തി, സ്വന്തം മണ്ണില്‍ കളിക്കുമ്പോള്‍ നിങ്ങളുടെ ശക്തിയ്‌ക്ക് അനുസരിച്ചാണ് നിങ്ങള്‍ കളിക്കുക. പുറത്തുള്ള ആളുകൾ എന്താണ് സംസാരിക്കുന്നതെന്ന് കാര്യത്തില്‍ വിഷമിക്കേണ്ട കാര്യമില്ല" -രോഹിത് പറഞ്ഞു.
മത്സരങ്ങള്‍ വെറും മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിച്ചുവെന്ന വിമര്‍ശനങ്ങളോടും രോഹിത് പ്രതികരിച്ചു. ഇന്ത്യന്‍ പിച്ചുകളില്‍ മാത്രമല്ല, വിദേശ പിച്ചുകളിലും ടെസ്റ്റ് മത്സരങ്ങള്‍ അഞ്ച് ദിവസം തികയ്‌ക്കാറില്ലെന്നാണ് രോഹിത് വാദിച്ചത്. 'കളിക്കാര്‍ മികച്ച പ്രകടനം നടത്തുമ്പോഴാണ് അഞ്ച് ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന മത്സരങ്ങള്‍ ഉണ്ടാവുന്നത്.
ദക്ഷിണാഫ്രിക്കയും വെസ്റ്റ്‌ഇന്‍ഡീസും തമ്മിലുള്ള മത്സരം മൂന്ന് ദിവസത്തിനുള്ളിലാണ് പൂര്‍ത്തിയായത്. പാകിസ്ഥാനില്‍ നടന്ന മൂന്ന് ടെസ്റ്റുകള്‍ അഞ്ച് ദിവസങ്ങളിലേക്ക് നീണ്ടപ്പോള്‍ കാണികള്‍ക്ക് അത്ര രസിച്ചിരുന്നില്ല.
ഇവിടെ മൂന്ന് ദിനങ്ങള്‍ കൊണ്ട് മത്സരം തീര്‍ന്നത് ആളുകള്‍ക്ക് കൂടുതല്‍ ആവേശം നല്‍കിയിരിക്കില്ലേ ?' മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി രോഹിത് ചോദിച്ചു.