കൊല്‍ക്കത്ത : വെസ്റ്റ്‌ഇന്‍ഡീസിനെതിരായ രണ്ടാം ടി20 മത്സരവും ജയിച്ചതോടെ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്കായിരുന്നു. ഇതോടൊപ്പം നിര്‍ണായക നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ടീം ഇന്ത്യ.
അന്താരാഷ്‌ട്ര ടി20യില്‍ 100 വിജയങ്ങള്‍ നേടുന്ന രണ്ടാമത്തെ മാത്രം ടീമെന്ന റെക്കോഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതുവരെ 155 ടി20 മത്സരങ്ങള്‍ കളിച്ച ഇന്ത്യ 51 മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയപ്പോള്‍ നാല് മത്സരങ്ങള്‍ക്ക് ഫലമുണ്ടായില്ല. ജയിച്ച മത്സരങ്ങളില്‍ രണ്ടെണ്ണം സൂപ്പര്‍ ഓവറിലും ഒരെണ്ണം ബൗള്‍ ഔട്ട് വിജയവുമാണ്.
അതേസമയം പാകിസ്ഥാനാണ് ഇന്ത്യയ്‌ക്ക് മുന്നെ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയത്. 189 ടി20 മത്സരങ്ങള്‍ കളിച്ച പാക് ടീമിന് 117 വിജയങ്ങളുണ്ട്. 64 മത്സരങ്ങളില്‍ ടീം തോല്‍വി വഴങ്ങി. മൂന്ന് മത്സരങ്ങള്‍ സമനിലയിലായപ്പോള്‍ അഞ്ച് മത്സരങ്ങള്‍ക്ക് ഫലമുണ്ടായിരുന്നില്ല.
എന്നാല്‍ വിജയ ശതമാനത്തില്‍ ഇന്ത്യയ്‌ക്ക് പിന്നിലാണ് പാകിസ്ഥാനുള്ളത്. ഇന്ത്യയ്‌ക്ക് 65.23 ശതമാനം വിജയമുള്ളപ്പോള്‍ പാകിസ്ഥാന്‍റേത് 64.4 ആണ്. 50 ടി20 മത്സരങ്ങളില്‍ കൂടുതല്‍ കളിച്ചിട്ടുള്ള ടീമുകളില്‍ അഫ്ഗാനിസ്ഥാന് (67.97) മാത്രമാണ് ഇന്ത്യയേക്കാള്‍ വിജയ ശതമാനമുള്ളത്.
also read: ആവേശം അവസാന ഓവർ വരെ, ക്ലൈമാക്‌സില്‍ രണ്ടാം ടി20യും പരമ്പരയും ഇന്ത്യയ്ക്ക്
അതേസമയം 80 മത്സരങ്ങളില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള ടീമുകളില്‍ ഏറ്റവും മികച്ച വിജയ ശതമാനം ഇന്ത്യയ്‌ക്കാണ്.