കൊളംബോ : ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 10 വിക്കറ്റിന്‍റെ വമ്പന്‍ ജയമാണ് ഇന്ത്യ പിടിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ലങ്കന്‍ വനിതകള്‍ 50 ഓവറില്‍ 173 റണ്‍സിന് പുറത്തായി. മറുപടിക്കിറങ്ങിയ ഇന്ത്യ 25.4 ഓവറില്‍ വിക്കറ്റ് നഷ്‌ടപ്പെടാതെ 174 റണ്‍സെടുത്തു.
ഓപ്പണ്‍മാരായ ഷഫാലി വര്‍മയും സ്‌മൃതി മന്ഥാനയുമാണ് ഇന്ത്യയ്‌ക്ക് മിന്നുന്ന ജയമൊരുക്കിയത്. ഷഫാലി 71 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 71 റണ്‍സെടുത്തപ്പോള്‍, മന്ഥാന 83 പന്തില്‍ 94 റണ്‍സടിച്ചു. 11 ഫോറും ഒരു സിക്‌സുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്‌സ്.
നേരത്തെ ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 10 ഓവറില്‍ വെറും 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തിയ രേണുക സിങ്ങാണ് ലങ്കയെ തകര്‍ത്തത്. മേഘ്‌ന സിങ്, ദീപ്‌തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി.
83 പന്തില്‍ 47 റണ്‍സെടുത്ത് പുറത്താവാതെ നിന്ന അമ കാഞ്ചനയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. നിലാക്ഷി ഡി സില്‍വ (62 പന്തില്‍ 32), അനുഷ്‌ക സഞ്‌ജീവനി (44 പന്തില്‍ 25), ചമാരി അട്ടപ്പട്ടു (45 പന്തില്‍ 27), ഒഷാഡി രണസിംഗെ (19 പന്തില്‍ 10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍. മൂന്ന് താരങ്ങള്‍ പൂജ്യത്തിനും പുറത്തായി.
രേണുക സിങ്ങാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ജൂണ്‍ ഏഴിന് നടക്കും. ഒന്നാം ഏകദിനത്തില്‍ നാല് വിക്കറ്റിന്‍റെ ജയമാണ് ഇന്ത്യ നേടിയിരുന്നത്. നേരത്തെ മൂന്ന് മത്സര ടി20 പരമ്പര 2-1 നും ഇന്ത്യ സ്വന്തമാക്കിയിരുന്നു.