ബ്രിസ്റ്റൽ: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു. ആദ്യ ഇന്നിങ്സില്‍ ഫോളോ ഓൺ വഴങ്ങിയ ഇന്ത്യന്‍ സംഘം നാലാം ദിനം ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് എടുത്തിട്ടുണ്ട്. ഇതോടെ ഇന്ത്യയ്ക്ക് 70 റണ്‍സ് ലീഡായി.
ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് സ്കോറായ 396 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 231റണ്‍സിന് പുറത്തായിരുന്നു. 51 പന്തില്‍ 25 റണ്‍സെടുത്ത സ്നേഹ റാണയും 43 പന്തില്‍ 16 റണ്‍സുമായി ശിഖാ പാണ്ഡേയുമാണ് വാലറ്റത്ത് പൊരുതുന്നത്.
also read: മിൽഖ സിങ്ങിന്‍റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
ഇന്ത്യക്കായി ഷഫാലി വർമ്മ (63), ദീപ്തി ശർമ്മ (54) എന്നിവർ അർദ്ധസെഞ്ചുറി നേടി. ആതിഥേയര്‍ സോഫി എക്സ്ലെസ്റ്റൺ നാല് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. അതേസമയം ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ട് 396 റണ്‍സില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ക്യാപ്റ്റൻ ഹീതർ നൈറ്റിന്‍റെയും (95 റണ്‍സ്), സോഫിയ ഡങ്ക്ലി (74)യുടേയും പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്.