കൊല്‍ക്കത്ത : ഇന്ത്യ-വെസ്റ്റ്‌ഇന്‍ഡീസ് ടി20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇന്ന് നടക്കും. രാത്രി ഏഴിന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം ആരംഭിക്കുക. ആദ്യ രണ്ട് മത്സരങ്ങളിലും മിന്നും ജയം നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
ഇതോടെ പരമ്പര തൂത്തുവാരാന്‍ രോഹിത്തും സംഘവും ലക്ഷ്യമിടുമ്പോള്‍ ആശ്വാസ ജയത്തിനാണ് കീറണ്‍ പൊള്ളാഡിന്‍റെ നേതൃത്വത്തിലുള്ള കരീബിയന്‍ ടീമിന്‍റെ ശ്രമം.
വിരാട് കോലിക്കും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനും ഇടവേള നൽകിയതോടെ ശ്രേയസ് അയ്യര്‍ക്കും റിതുരാജ് ഗെയ്‌ക്‌വാദിനും പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചേക്കും. ടി20 ലോക കപ്പിന്‍റെ ഒരുക്കങ്ങളുടെ ഭാഗമായി ടീമില്‍ പരീക്ഷണത്തിന് രോഹിത് മുതിര്‍ന്നേക്കും.
ഇതോടെ ഇഷാന് കിഷന് പകരം റിതുരാജിന് ഓപ്പണിങ്ങില്‍ അവസരം ലഭിച്ചേക്കും. കെഎല്‍ രാഹുലിന്‍റെ അഭാവത്തില്‍ രോഹിത്തിന്‍റെ പങ്കാളിയായ ഇഷന്‍ കിഷന് മികച്ച പ്രകടനം നടത്താനായിട്ടില്ല. ആദ്യ മത്സരത്തില്‍ 42 പന്തില്‍ 35 റണ്‍സടിച്ച താരം രണ്ടാം മത്സരത്തില്‍ 10 പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് നേടിയത്.
also read: ഫ്രഞ്ച് ലീഗ്: പി.എസ്.ജി ഞെട്ടി, തോറ്റത് നാന്‍റസിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്
വാലറ്റത്ത് കാര്യമായ മാറ്റങ്ങള്‍ക്കും രോഹിത് മുതിര്‍ന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശാര്‍ദുല്‍ താക്കൂര്‍, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ പരിഗണിക്കപ്പെടുകയാണെങ്കില്‍ ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ക്ക് പുറത്തിരിക്കേണ്ടി വരും. അതേസമയം വിന്‍ഡീസ് ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.