പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 373 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഇഷാൻ കിഷൻ (18), രവിചന്ദ്രൻ അശ്വിൻ (6) എന്നിവരാണ് ക്രീസിൽ. റണ്‍ മെഷീൻ വിരാട് കോലിയുടെ തകർപ്പൻ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചത്. മത്സരത്തിന്‍റെ രണ്ടാം ദിനത്തിലെ ആദ്യ സെഷനിലാണ് കോലി ടെസ്റ്റ് കരിയറിലെ തന്‍റെ 29-ാം സെഞ്ച്വറി അടിച്ചെടുത്തത്.
തന്‍റെ 500-ാം അന്താരാഷ്‌ട്ര മത്സരത്തിൽ 180 പന്തിൽ നിന്നാണ് കോലി 100 തികച്ചത്. ഇതോടെ കരിയറിലെ 500-ാം മത്സരത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന റെക്കോഡും കോലി സ്വന്തമാക്കി. 206 പന്തിൽ 11 ഫോറുകൾ ഉൾപ്പെടെ 121 റണ്‍സ് നേടിയ കോലി റണ്‍ഔട്ട് ആയാണ് മടങ്ങിയത്. അന്താരാഷ്‌ട്ര കരിയറിൽ താരത്തിന്‍റെ 76-ാം സെഞ്ച്വറി കൂടിയായിരുന്നു ഇത്.
2018 ഡിസംബറിന് ശേഷം വിദേശത്തെ ആദ്യത്തെ ടെസ്റ്റ് സെഞ്ച്വറി കൂടിയാണ് കോലി ഇന്ന് സ്വന്തമാക്കിയത്. 2018-ല്‍ പെര്‍ത്തില്‍ ഓസ്ട്രേലിയക്കെതിരെ 123 റണ്‍സ് നേടിയതായിരുന്നു കോലിയുടെ അവസാന വിദേശ ടെസ്റ്റ് സെഞ്ച്വറി. ഈ വരൾച്ചയ്‌ക്ക് കൂടിയാണ് കോലി ഇന്ന് തകർപ്പൻ സെഞ്ച്വറിയോടെ വിരാമമിട്ടത്. സെഞ്ച്വറിക്ക് പിന്നാലെ തകർത്തടിച്ച് ഇരട്ട സെഞ്ച്വറിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും നിർഭാഗ്യം റണ്‍ഔട്ടിന്‍റെ രൂപത്തിൽ കോലിയെ പിടികൂടുകയായിരുന്നു.
പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ ആദ്യ ദിനം ഇന്ത്യന്‍ 288-4 എന്ന സ്കോറിലാണ് മത്സരം അവസാനിപ്പിച്ചത്. 161 പന്തില്‍ 87* റണ്‍സുമായി വിരാട് കോലിയും 84 പന്തില്‍ 36* റണ്‍സുമായി രവീന്ദ്ര ജഡേജയുമായിരുന്നു ക്രീസിൽ. രണ്ടാം ദിനം ഏറെ ശ്രദ്ധയോടെയാണ് വിൻഡീസ് ബോളർമാരെ ഇരുവരും നേരിട്ടത്. ഇതോടെ ആദ്യ സെഷനിൽ തന്നെ കോലി സെഞ്ച്വറിയും, ജഡേജ അർധ സെഞ്ച്വറിയും പൂർത്തിയാക്കി.
ഇരുവരും ചേർന്ന് 159 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ടീം സ്‌കോർ 341 ൽ നിൽക്കെയാണ് കോലിയെ ഇന്ത്യക്ക് നഷ്‌ടമാകുന്നത്. തൊട്ടുപിന്നാലെ തന്നെ മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന്ന ജഡേജയും പുറത്തായി. 152 പന്തിൽ അഞ്ച് ഫോറുകൾ ഉൾപ്പെടെ 61 റണ്‍സ് നേടിയാണ് ജഡേജ മടങ്ങിയത്.
ആദ്യ ദിനം ഓപ്പണർമാരായ യശസ്വി ജയ്‌സ്വാൾ (57), രോഹിത് ശർമ (80), ശുഭ്‌മാൻ ഗിൽ (10), അജിങ്ക്യ രഹാനെ (8) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്‌ടമായത്. 139 റണ്‍സാണ് ഒന്നാം വിക്കറ്റിൽ ജയ്‌സ്വാൾ- രോഹിത് സഖ്യം ഇന്ത്യക്ക് സമ്മാനിച്ചത്. ജയ്‌സ്വാളിനെ പുറത്താക്കി ജേസണ്‍ ഹോൾഡറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
തുടർന്ന് സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന രോഹിത് ശർമയെ ജോമെൽ വരികാൻ ബൗൾഡാക്കുകയായിരുന്നു. പിന്നാലെ ക്രീസിലെത്തിയ ശുഭ്‌മാൻ ഗില്ലും, അജിങ്ക്യ രഹാനെയും ഒരിക്കൽ കൂടി നിരാശപ്പെടുത്തി. ഗിൽ കേമർ റോച്ചിന്‍റെ പന്തിൽ ജോഷ്വ ഡി സിൽവക്ക് ക്യാച്ച് നൽകി പുറത്തായപ്പോൾ രഹാനെ ഷാനോൻ ഗബ്രിയേലിന്‍റെ പന്തിൽ ബൗൾഡാവുകയായിരുന്നു.