സെന്‍റ് കിറ്റ്‌സ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടി20 ഇന്ന്(01.08.2022) നടക്കും. രാത്രി എട്ട് മണിക്ക് സെന്‍റ് കീറ്റ്‌സിലെ വാര്‍ണര്‍ പാര്‍ക്കിലാണ് മത്സരം. അഞ്ച് മത്സര പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യ 68 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം നേടിയിരുന്നു. ഈ വിജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ ഇന്ത്യയിറങ്ങുമ്പോള്‍ ഒപ്പമെത്താനാവും വിന്‍ഡീസ് ശ്രമം.
ആദ്യ മത്സരത്തിലെ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തിയേക്കും. മറിച്ചാണെങ്കില്‍ ശ്രേയസ് അയ്യരാവും പുറത്തിരിക്കേണ്ടി വരുക. പകരം ദീപക് ഹൂഡയ്‌ക്കാണ് സാധ്യത. ഇതോടെ സഞ്‌ജുവും ഇഷാന്‍ കിഷനും ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും. ബാറ്റിങ് ലൈനപ്പില്‍ മാറ്റം വരുത്താതിരുന്നാല്‍ സൂര്യകുമാര്‍ യാദവ് രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും.
ബോളിങ് ലൈനപ്പില്‍ മാറ്റത്തിന് സാധ്യതയില്ല. പേസ് യൂണിറ്റില്‍ അര്‍ഷ്‌ദീപ് സിങ്ങാവും ഭുവനേശ്വര്‍ കുമാറിനൊപ്പമെത്തുക. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, രവി ബിഷ്‌ണോയി എന്നിവര്‍ സ്‌പിന്നര്‍മാരായി എത്തും. ഒന്നാം ടി20 വിന്‍ഡീസിനെ കറക്കി വീഴ്‌ത്താന്‍ മൂവര്‍ സംഘത്തിന് കഴിഞ്ഞിരുന്നു.
അതേസമയം നിക്കോളാസ് പുരാന്‍റെ വിന്‍ഡീസിനെ എഴുതി തള്ളാനാവില്ല. വമ്പനടിക്കാര്‍ നിറഞ്ഞ സംഘത്തിന് ഇന്ത്യയ്‌ക്ക് ശക്തമായ വെല്ലുവിളിയാവാന്‍ കഴിയും. ക്യാപ്‌റ്റന്‍ പുരാന് പുറമെ കെയ്‌ല്‍ മയേഴ്‌സ്, ഷിംറോണ്‍ ഹെറ്റ്‌മയേര്‍, റോവ്‌മാന്‍ പവല്‍, ഒഡിയന്‍ സ്‌മിത്ത്, ജേസണ്‍ ഹോള്‍ഡര്‍ തുടങ്ങിയവര്‍ നിര്‍ണായകമാവും.
പിച്ച് റിപ്പോര്‍ട്ട്: താരതമ്യേന വേഗത കുറഞ്ഞ വാര്‍ണര്‍ പാര്‍ക്കിലെ പിച്ച് തുടക്കത്തില്‍ സ്‌പിന്നര്‍മാര്‍ക്ക് അനുകൂലമാവും. 150 റണ്‍സാണ് ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. പിന്തുടരുന്ന ടീമിനാണ് വിജയ സാധ്യത കൂടുതല്‍.
എവിടെ കാണാം: ഡിഡി സ്‌പോര്‍ട്‌സിലൂടെയാണ് ഇന്ത്യയില്‍ മത്സരം തത്സമയ സംപ്രേഷണം ചെയ്യുന്നത്. ഫാന്‍ കോഡ് അപ്പിലും മത്സരം ലഭ്യമാണ്.