ഡൊമനിക്ക : വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ നാല് വിക്കറ്റ് നഷ്‌ടത്തിൽ 400 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യക്കിപ്പോൾ 250 റണ്‍സിന്‍റെ ലീഡുണ്ട്. 72 റണ്‍സുമായി വിരാട് കോലിയും, 21 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. 171 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളിന്‍റെയും, മൂന്ന് റണ്‍സ് നേടിയ അജിങ്ക്യ രഹാനയുടേയും വിക്കറ്റുകളാണ് മൂന്നാം ദിനം ഇന്ത്യക്ക് നഷ്‌ടമായത്.
രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 312 റണ്‍സ് എന്ന നിലയിലാണ് മൂന്നാം ദിനം ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. ഇന്ത്യക്കായി ജയ്‌സ്വാളും കോലിയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. വിക്കറ്റ് നഷ്‌ടം കൂടാതെ വിൻഡീസ് ബോളർമാരെ ഇരുവരും സസൂക്ഷ്‌മം നേരിട്ടു. എന്നാൽ ടീം സ്‌കോർ 350ൽ നിൽക്കെ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി താരമായ ജയ്‌സ്വാളിനെ ഇന്ത്യക്ക് നഷ്‌ടമായി.
387 പന്തുകൾ നേരിട്ട താരം ഒരു സിക്‌സും 16 ഫോറുകളുമടക്കം 171 റണ്‍സ് നേടിയാണ് പുറത്തായത്. അരങ്ങേറ്റ മത്സരത്തിൽ ഇരട്ട സെഞ്ച്വറിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ജയ്‌സ്വാളിനെ അൽസാരി ജോസഫ് ജോഷ്വ ഡി സിൽവയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. കോലിക്കൊപ്പം മൂന്നാം വിക്കറ്റിൽ 110 റണ്‍സിന്‍റെ കൂട്ടുകെട്ട് തീർത്ത ശേഷമാണ് ജയ്‌സ്വാൾ മടങ്ങിയത്.
അരങ്ങേറ്റ റെക്കോഡുകൾ : സെഞ്ച്വറി കൂടാതെ ഒട്ടനവധി റെക്കോഡുകളും താരം തന്‍റെ പേരിൽ എഴുതിച്ചേർത്തു. ടെസ്റ്റ് അരങ്ങേറ്റത്തില്‍ 150+ സ്കോർ നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരവും രാജ്യാന്തര ക്രിക്കറ്റിലെ അഞ്ചാമനായും യശസ്വി ജയ്സ്വാള്‍ മാറി. 21 വയസും 196 ദിവസവും പ്രായമുള്ളപ്പോഴാണ് ജയ്സ്വാളിന്‍റെ ഈ നേട്ടം. മറ്റ് ഇന്ത്യന്‍ താരങ്ങളാരും പട്ടികയില്‍ ജയ്സ്വാളിന് മുന്നിലില്ല. കൂടാതെ വിദേശത്ത് ടെസ്റ്റ് അരങ്ങേറ്റത്തിൽ 150 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടവും ജയ്‌സ്വാൾ സ്വന്തമാക്കി.
അതേസമയം ജയ്‌സ്വാളിന് പിന്നാലെ ക്രീസിലെത്തിയ വൈസ് ക്യാപ്‌റ്റൻ അജിങ്ക്യ രഹാനെക്ക് കാര്യമായ സംഭാവനയൊന്നും നൽകാനായില്ല. 11 പന്തിൽ വെറും മൂന്ന് റണ്‍സ് മാത്രം നേടിയ താരത്തെ കെമർ റോച്ചാണ് പുറത്താക്കിയത്. ഇതോടെ ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തിൽ 356 റണ്‍സ് എന്ന നിലയിലായി. തുടർന്ന് ക്രീസിലൊന്നിച്ച ജഡേജ കോലിക്ക് മികച്ച പിന്തുണ നൽകി സ്‌കോർ ഉയർത്തി.
ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് : നേരത്തെ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (103), ശുഭ്‌മാന്‍ ഗില്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്‌ടമായത്. ഓപ്പണിങ് വിക്കറ്റില്‍ ജയ്‌സ്വാളിനൊപ്പം 229 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് രോഹിത് മടങ്ങിയത്. സെഞ്ച്വറി നേട്ടത്തോടെ ടെസ്റ്റിൽ 3500 റണ്‍സ് എന്ന നാഴികക്കല്ലും രോഹിത് പിന്നിട്ടു.
കൂടാതെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഓപ്പണറായെത്തി ഏറ്റവും കൂടുതല്‍ തവണ അന്‍പതില്‍ അധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ശിഖർ ധവാന് പിന്നിൽ രണ്ടാം സ്ഥാനത്തെത്താനും രോഹിതിനായി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇൻഡീസ് ഒന്നാം ഇന്നിങ്‌സിൽ 150 റണ്‍സിന് ഓൾഔട്ട് ആയിരുന്നു.