ഫ്ലോറിഡ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം ഇന്ന് നടക്കും. ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരവും മൂന്നും നാലും മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. രണ്ടാം മത്സരം വിൻഡീസ് സ്വന്തമാക്കിയിരുന്നു.
നേരത്തെ നടന്ന ഏകദിന പരമ്പരയിലെ സമ്പൂര്‍ണ ജയത്തിന് പിന്നാലെയാണ് ഇന്ത്യ ടി20 പരമ്പരയും പിടിച്ചത്. ഇതോടെ അവസാന മത്സരം വിജയിച്ച് നാണക്കേട് മാറ്റാനാവും നിക്കോളാസ് പുരാന്‍റെ സംഘം കളത്തിലിറങ്ങുക. എന്നാല്‍ കാലവസ്ഥ പ്രവചനം മത്സരത്തിന് ആശങ്കയാണ്.
60 ശതമാനം മഴ സാധ്യതയാണ് ഫ്ലോറിഡയില്‍ പ്രവചിച്ചിരിക്കുന്നത്. 32 ഡിഗ്രി സെല്‍ഷ്യസായിരിക്കും ഉയര്‍ന്ന താപനില. ഇന്നലെ ഇവിടെ നടന്ന നാലാം ടി20 മഴയെ തുടര്‍ന്ന് വൈകിയാണ് ആരംഭിച്ചത്. ഇതോടെ ഈ മത്സരത്തിന്‍റെ ആവേശം മഴയെടുക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
പരമ്പര നേടിയതിനാലും ഏഷ്യ കപ്പ് സ്‌ക്വാഡ് നാളെ പ്രഖ്യാപിക്കാനിരിക്കുന്നതിനാലും ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ പരീക്ഷണത്തിന് സാധ്യതയുണ്ട്. പരമ്പരയില്‍ ഇതേവരെ കളിക്കാനാവാത്ത ഇഷാന്‍ കിഷനും കുല്‍ദീപ് യാദവും അവസരം കാത്തിരിക്കുകയാണ്. മലയാളി താരം സഞ്‌ജു സാംസണ്‍ ഇന്നും കളിച്ചേക്കും.
നാലാം ടി20യില്‍ അവസരം ലഭിച്ച സഞ്‌ജു 23 പന്തില്‍ 30 റണ്‍സടിച്ച് പുറത്താവാതെ നിന്നിരുന്നു. രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയായിരുന്നു താരത്തിന്‍റെ പ്രകടനം. മത്സരം 59 റണ്‍സിന് വിജയിക്കാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ഇന്ത്യ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 19.1 ഓവറില്‍ 132 റണ്‍സിന് ഓള്‍ഔട്ടായി.
24 റണ്‍സ് വീതം എടുത്ത ക്യാപ്‌റ്റന്‍ നിക്കോളാസ് പുരാനും റോവ്‌മാന്‍ പവലുമാണ് വിന്‍ഡീസിന്‍റെ ടോപ് സ്‌കോറര്‍മാര്‍. ഇന്ത്യയ്‌ക്കായി അര്‍ഷ്‌ദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ സ്വന്തമാക്കി.
ടോസ് നേടിയ ബാറ്റിങ്ങിനറങ്ങിയ ഇന്ത്യയ്‌ക്കായി 31 പന്തില്‍ 44 റണ്‍സെടുത്ത റിഷഭ് പന്ത് ടോപ് സ്‌കോററായി. 16 പന്തില്‍ 33 റണ്‍സടിച്ച ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയും മിന്നി.