ധരംശാല: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്‌ക്ക് 184 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 183 റണ്‍സെടുത്തത്.
53 പന്തില്‍ 11 ഫോറുകളുടെ അകമ്പടിയോടെ 75 റണ്‍സടിച്ച പഥും നിസ്സങ്കയുടെ ഇന്നിങ്സാണ് സന്ദര്‍ശകര്‍ക്ക് തുണയായത്. അവസാന ഓവറുകളില്‍ മിന്നിയ ക്യാപ്റ്റന്‍ സുൻ ഷാനകയും നിര്‍ണായകമായി. 19 പന്തുകളില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 47 റണ്‍സടിച്ച താരം പുറത്താവതെ നിന്നു.
ധനുഷ്‌ക ഗുണതിലക (38), ചരിത് അസലങ്ക (2), കാമില്‍ മിഷാര (1), ദിനേഷ് ചണ്ഡിമൽ (9) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.
ഇന്ത്യയ്‌ക്കായി ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചാഹല്‍ രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി. ഹര്‍ഷല്‍ നാല് ഓവറില്‍ 52 റണ്‍സും, ജഡേജ 37 റണ്‍സും, ഭുവനേശ്വര്‍ കുമാര്‍ 36 റണ്‍സും വഴങ്ങി ചിലവേറിയതായി.
ആദ്യ മത്സരത്തില്‍ കളിച്ച ടീമില്‍ മാറ്റങ്ങമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ലങ്കന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ജനിത് ലിയാനഗെ, ജെഫ്രി വാന്‍ഡര്‍സേ എന്നിവര്‍ പുറത്തായപ്പോള്‍ ബിനുര ഫെര്‍ണാണ്ടോ, ധനുഷ്‌ക ഗുണതിലക എന്നിവര്‍ ടീമില്‍ ഇടം നേടി. ആദ്യ മത്സരത്തില്‍ 62 റണ്‍സിന് ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്.