ന്യൂഡല്‍ഹി : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്ക് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലനം അരംഭിച്ചു. ഐപിഎല്‍ ഇടവേളയിലായിരുന്ന ഇന്ത്യന്‍ താരങ്ങള്‍ ഞായറാഴ്‌ചയാണ് ഡല്‍ഹിയില്‍ ഒത്തുചേര്‍ന്നത്. വിശ്രമം നല്‍കിയ നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ കെഎൽ രാഹുലാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്.
രോഹിത്തിനൊപ്പം ബാറ്റര്‍ വിരാട് കോലിക്കും പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. രാഹുലിന്‍റേയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റേയും നേതൃത്വത്തില്‍ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തുന്നതിന്‍റെ ദൃശ്യം ബിസിസിഐ പങ്കുവച്ചു.
അഞ്ച് മത്സര പരമ്പരയ്‌ക്കായി ജൂണ്‍ രണ്ടിന് ഡല്‍ഹിയിലെത്തിയ പ്രോട്ടീസ് സംഘം മൂന്നാം തിയതി മുതല്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. കളിക്കാര്‍ക്ക് ബയോ ബബിൾ ഉണ്ടാകില്ലെന്നും എന്നാല്‍ പതിവായി കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.
also read: ചഹലിന്‍റെ 'മനോഹരമായ' പുഞ്ചിരിക്ക് പിന്നിലെന്ത്?; വെളിപ്പെടുത്തലുമായി ധനശ്രീ
പരമ്പരയിലെ ആദ്യ മത്സരം ജൂൺ ഒമ്പതിന് അരുണ്‍ ജെയ്‌റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് നടക്കുക. കട്ടക് (ജൂൺ 12), വിശാഖപട്ടണം (ജൂൺ 14), രാജ്‌കോട്ട് (ജൂൺ 17), ബെംഗളൂരു (ജൂൺ 19) എന്നീ വേദികളിലാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ നടക്കുക.