ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങിനിറങ്ങി. വാണ്ടറേഴ്‌സിൽ സ്ഥിരം നായകന്‍ വിരാട് കോലിക്ക് പകരം കെഎല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ഹനുമ വിഹാരിയാണ് കോലിക്ക് പകരം ടീമില്‍ ഇടം കണ്ടെത്തിയത്.
ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 18 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 14 ഓവറില്‍ 36 റണ്‍സെന്ന നിലയില്‍ ഡ്രിങ്സിന് പിരിഞ്ഞതിന് ശേഷമുള്ള തൊട്ടടുത്ത പന്തിലാണ് ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്.
37 പന്തില്‍ 26 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് തിരിച്ച് കയറിയത്. മാര്‍കോ ജാന്‍സണിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറെയ്‌ന് പിടികൊടുത്താണ് മായങ്കിന്‍റെ മടക്കം. കെഎല്‍ രാഹുല്‍ (10*), ചേതേശ്വര്‍ പൂജാര (1*) എന്നിവരാണ് ക്രീസിലുള്ളത്.
മൂന്ന് ടെസ്റ്റുകൾ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ മുന്നിലാണ്. ബോക്‌സിങ് ഡേയില്‍ സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ 113 റണ്‍സിനാണ് ഇന്ത്യ ജയം പിടിച്ചത്. ഇതോടെ വാണ്ടറേഴ്‌സിൽ ജയം പിടിച്ചാല്‍ സംഘത്തിന് ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കാം.