കറാച്ചി : ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണിയ്‌ക്കെതിരെ ആരോപണവുമായി പാകിസ്ഥാൻ മുന്‍ സ്പിന്നർ സയീദ് അജ്‌മൽ. 2013-ലെ ഇന്ത്യ-പാകിസ്ഥാന്‍ പരമ്പരയ്‌ക്കിടെ അര്‍ഹതയില്ലാത്ത 'മാന്‍ ഓഫ് ദ മാച്ച്' അവാര്‍ഡ് ധോണിയ്‌ക്ക് ലഭിച്ചുവെന്നാണ് സയീദ് അജ്‌മൽ പറയുന്നത്. മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ തന്നെ തഴഞ്ഞ് 18 റണ്‍സ് മാത്രമെടുക്കുകയും രണ്ട് ക്യാച്ചുകള്‍ നഷ്‌ടപ്പെടുത്തുകയും ചെയ്‌ത ധോണിക്ക് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നല്‍കിയെന്നാണ് പാകിസ്ഥാന്‍ മുന്‍ സ്‌പിന്നര്‍ ആരോപിക്കുന്നത്.
"അതെന്‍റെ നിര്‍ഭാഗ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. 2013-ല്‍ ഇന്ത്യയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും മികച്ച രീതിയിലാണ് ഞാന്‍ പന്തെറിഞ്ഞത്. ആ മത്സരങ്ങള്‍ ഞങ്ങള്‍ വിജയിക്കുകയും ചെയ്‌തിരുന്നു.
മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ ഞങ്ങള്‍ 175 റണ്‍സിന് ഓള്‍ ഔട്ടാക്കി. ഞാന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു. മറുപടിക്കിറങ്ങിയ ഞങ്ങള്‍ കയ്യില്‍ ധാരാളം വിക്കറ്റുകള്‍ ഉള്ളപ്പോള്‍ തന്നെ 100 റണ്‍സില്‍ എത്തിയിരുന്നു, എന്നിട്ടും ഞങ്ങൾ പരാജയപ്പെട്ടു.
മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് 18 റണ്‍സെടുക്കുകയും രണ്ട് ക്യാച്ചുകള്‍ പാഴാക്കുകയും ചെയ്ത ധോണിക്കായിരുന്നു. അത് തെറ്റായിരുന്നു. ആ മാൻ ഓഫ് ദ മാച്ചിന്‍റെ അർഥമെന്താണെന്ന് ആരെങ്കിലും പറഞ്ഞുതന്നാല്‍ നന്നായിരിക്കും. ശരിക്കും മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ കളിക്കാരനല്ലേ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നല്‍കേണ്ടത് ?"- സയീദ് അജ്‌മൽ പറഞ്ഞു.
ALSO READ: minnu mani | മിന്നു മണി, ഈ പേര് ഇനി ടീം ഇന്ത്യയുടെ സീനിയർ ജഴ്‌സിയില്‍: ആദ്യ മലയാളി വനിത
"ഞാന്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ മത്സരമായിരുന്നു അത്, പക്ഷേ ഇന്ത്യ ജയിച്ചു. അതിനാൽ അവർ ധോണിക്ക് അവാർഡ് നൽകി. പതിനെട്ടോ ഇരുപതോ റണ്‍സ് മാത്രം നേടിയ അദ്ദേഹം രണ്ട് ക്യാച്ചുകള്‍ നഷ്‌ടപ്പെടുത്തിയെന്ന് ഓര്‍ക്കണം. അദ്ദേഹത്തിന് എങ്ങനെ മാൻ ഓഫ് ദ മാച്ച് ലഭിച്ചു?. ശരിക്കും ആ അവാര്‍ഡ് എനിക്ക് ലഭിക്കേണ്ടതായിരുന്നു" - പാകിസ്ഥാൻ മുൻ സ്പിന്നർ ഉറപ്പിച്ച് പറഞ്ഞു.
എന്നാല്‍ സയീദ് അജ്‌മൽ പറഞ്ഞ കണക്കില്‍ ഏറെ വൈരുധ്യമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. 2013-ലെ മൂന്നാം ഏകദിനത്തില്‍ അജ്‌മല്‍ പറഞ്ഞത് പോലെ 175 റണ്‍സിനല്ല, 165 റണ്‍സിനായിരുന്നു ഇന്ത്യ ഓള്‍ ഔട്ടായത്. ഇന്ത്യ 10 റണ്‍സിന് വിജയിച്ച മത്സരത്തില്‍ 36 റണ്‍സ് നേടിയ എംഎസ് ധോണി ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു. ഇതാണ് വസ്‌തുത.