കാണ്‍പൂര്‍ : ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനം ഇന്ത്യ സുരക്ഷിത നിലയില്‍. ഒന്നാം ദിനം കളി അവസാനിച്ചപ്പോള്‍ 84 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 258 റൺസെന്ന നിലയിലാണ് ഇന്ത്യ. 50ാം ഓവറിന്‍റെ തുടക്കത്തില്‍ 145 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് പതറിയ ഇന്ത്യയെ 5ാം വിക്കറ്റില്‍ ശ്രേയസ് അയ്യർ – രവീന്ദ്ര ജഡേജ സഖ്യമാണ് കരകയറ്റിയത്.
പിരിയാത്ത ഈ കൂട്ടുകെട്ടില്‍ ഇരുവരും 208 പന്തുകളിൽനിന്ന് 113 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അർധ സെഞ്ച്വറിയുമായി തിളങ്ങിയ ശ്രേയസ് 75 റൺസോടെയും രവീന്ദ്ര ജഡേജ 50 റൺസോടെയുമാണ് പുറത്താവാതെ നില്‍ക്കുന്നത്. 136 പന്തുകളില്‍ ഏഴ് ഫോറും രണ്ട് സിക്സും സഹിതമാണ് ശ്രേയസ് 75 റൺസെടുത്തത്.
ജഡേജ 99 പന്തിൽ ആറ് ഫോറുകൾ സഹിതമാണ് അർധസെഞ്ച്വറി നേടിയത്. മായങ്ക് അഗര്‍വാള്‍ (13), ശുഭ്‌മാന്‍ ഗില്‍ (52), ചേതേശ്വര്‍ പൂജാര (26), അജിങ്ക്യ രഹാനെ (35) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന. ന്യൂസിലാന്‍ഡിനായി കെയ്‌ല്‍ ജാമിസണ്‍ 15.2 ഓവറില്‍ 47 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. 16.4 ഓവറില്‍ 43 റണ്‍സ് വിട്ടുനല്‍കിയ ടിം സൗത്തി ഒരു വിക്കറ്റും നേടി.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ രഹാനെക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത് ശർമ, ജസ്‌പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കും ബിസിസിഐ വിശ്രമം നല്‍കിയപ്പോള്‍ കെഎല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായി.
പേസര്‍മാരായി ഇഷാന്ത് ശർമയും, ഉമേഷ് യാദവുമാണ് ടീമില്‍ ഇടം പിടിച്ചത്. സ്‌പിന്നിനെ ഏറെ തുണക്കുമെന്ന് കരുതുന്ന പിച്ചിൽ രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിങ്ങനെ മൂന്ന് സ്‌പിന്നര്‍മാരെയും ഇന്ത്യ ഉള്‍പ്പെടുത്തി. ന്യൂസിലാൻഡ് നിരയിൽ മിച്ചൽ സാന്‍ററിന് പകരം രചിൻ രവീന്ദ്രയ്ക്ക് അവസരം ലഭിച്ചു.