കാണ്‍പൂര്‍: ജഡേജയും അശ്വിനും ജയിക്കാൻ വേണ്ടി പന്തെറിഞ്ഞപ്പോൾ തോല്‍ക്കാതിരിക്കാൻ അജാസ് പട്ടേലും രചിൻ രവിന്ദ്രയും ബാറ്റ് ചെയ്തു. ഒടുവില്‍ കാൺപൂർ ടെസ്റ്റിന് ആവേശ സമനില.
ഇന്ത്യ ഉയർത്തിയ 284 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന്‍റെ വാലറ്റം പൊരുതി നിന്നതോടെയാണ് ഒരു വിക്കറ്റ് അകലത്തില്‍ ഇന്ത്യയ്‌ക്ക് വിജയം നഷ്‌ടമായത്. 10-ാം വിക്കറ്റില്‍ പുറത്താവാതെ നിന്ന രചിന്‍ രവീന്ദ്രയും അജാസ് പട്ടേലുമാണ് ഇന്ത്യന്‍ വിജയം തട്ടിയകറ്റിയത്.
രചിന്‍ 91 പന്തില്‍ 18 റണ്‍സും അജാസ് 23 പന്തില്‍ രണ്ട് റണ്‍സുമെടുത്താണ് പുറത്താകാതെ നിന്നത്. അവസാന ദിനം മത്സരം അവസാനിക്കുമ്പോള്‍ കിവീസ് ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 165 റണ്‍സെന്ന നിലയിലായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി കിവീസിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ രവി ജഡേജ നാല് വിക്കറ്റും രവി അശ്വിൻ മൂന്ന് വിക്കറ്റും നേടി. അക്‌സർ പട്ടേലും ഉമേഷ് യാദവും ഓരോ വിക്കറ്റ് നേടി.
രണ്ടാം ഇന്നിങ്സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സിന് ഇന്ത്യ ഡിക്ലയര്‍ ചെയ്‌തതോടെയാണ് കിവീസിന് 284 റണ്‍സ് വിജയലക്ഷ്യം നിശ്‌ചയിച്ചത്.
സ്‌കോര്‍: ഇന്ത്യ- 345, 234/7 D, ന്യൂസിലന്‍ഡ്- 296, 165/9. ഇന്ത്യയ്‌ക്കായി രണ്ടിന്നിങ്‌സിലുമായി ആര്‍ അശ്വിനും അക്‌സര്‍ പട്ടേലും ആറ് വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്‌സില്‍ അർധ സെഞ്ച്വറിയും നേടി കന്നി ടെസ്റ്റ് കളിക്കുന്ന ശ്രേയർ അയ്യർ ആദ്യ മത്സരത്തില്‍ തന്നെ കളിയിലെ കേമനുമായി. അഞ്ചാം ദിനം പൊരുതി നിന്ന ടോം ലാഥം (52), വില്യം സോമർവില്ലെ (36), കെയ്‌ൻ വില്യംസൺ (24) എന്നിവരും ഇന്ത്യൻ വിജയം തടയുന്നതില്‍ നിർണായകമായി.
ഇന്ത്യ- ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിലെ അവസാനത്തെയും രണ്ടാമത്തെയും മത്സരം ഡിസംബർ മൂന്നിന് മുംബൈയില്‍ തുടങ്ങും.