കാണ്‍പൂര്‍ : ഇന്ത്യ-ന്യൂസിലാന്‍ഡ് ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ ഉയര്‍ത്തിയ 284 റണ്‍സ് പിന്തുടരുന്ന കിവീസ് നാല് ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ നാല് റണ്‍സെന്ന നിലയിലാണ്. 13 പന്തില്‍ രണ്ട് റണ്‍സെടുത്ത വില്‍ യങ്ങിന്‍റെ വിക്കറ്റാണ് കിവീസിന് നഷ്ടമായത്.
മൂന്നാം ഓവറിന്‍റെ അവസാന പന്തില്‍ വില്‍ യങ്ങിനെ ആര്‍ അശ്വിനാണ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. ടോം ലാം (2*), വില്യം സോമര്‍വില്‍ ( 0*) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്. അവസാന ദിനമായ നാളെ ഒമ്പത് വിക്കറ്റ് ശേഷിക്കെ 90 ഓവറില്‍ 280 റണ്‍സെടുത്താല്‍ കിവീസിന് മത്സരം പിടിക്കാം.
അതേസമയം കിവീസിന് 284 റണ്‍സ് വിജയ ലക്ഷ്യമുയര്‍ത്തി, എഴ് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെന്ന നിലയില്‍ ഇന്ത്യ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിങ്സില്‍ 49 റണ്‍സിന്‍റെ നിര്‍ണായക ലീഡും ഇന്ത്യന്‍ സംഘം സ്വന്തമാക്കിയിരുന്നു.
അര്‍ധ സെഞ്ച്വറി നേടിയ വൃദ്ധിമാന്‍ സാഹയുടേയും ശ്രേയസ് അയ്യരുടേയും പ്രകടനമാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായത്. ശ്രേയസ് 125 പന്തില്‍ 65 റണ്‍സ് നേടി പുറത്തായി. 126 പന്തില്‍ 61 റണ്‍സ് നേടിയ സാഹ 28 റണ്‍സെടുത്ത അക്‌സര്‍ പട്ടേലിനൊപ്പം പുറത്താവാതെ നിന്നു.
കരകയറ്റി ശ്രേയസും അശ്വിനും
നാലാം ദിനം തുടക്കത്തില്‍ കൂട്ടത്തകര്‍ച്ച നേരിട്ട ഇന്ത്യയെ ആറാം വിക്കറ്റില്‍ ഒന്നിച്ച ശ്രേയസ് അയ്യര്‍ - ആര്‍. അശ്വിന്‍ സഖ്യമാണ് കരകയറ്റിയത്. 51ന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ പരുങ്ങിയ ഇന്ത്യന്‍ ടോട്ടലിലേക്ക് 52 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
അശ്വിന്‍ 32 റണ്‍സെടുത്തു. ചേതേശ്വര്‍ പൂജാര (22), മായങ്ക് അഗര്‍വാള്‍ എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍. ശുഭ്‌മാന്‍ ഗില്‍ (1), അജിങ്ക്യ രഹാന(4), രവീന്ദ്ര ജഡേജ(0) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.
also read: IPL Mega Auction : ആര്‍സിബി അടിമുടി മാറും ; നിലനിര്‍ത്തുക കോലിയേയും മാക്‌സ്‌വെലിനെയും
കിവീസിനായി ടിം സൗത്തി, കെയ്‌ല്‍ ജാമിസണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം നേടി. അജാസ് പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി. അതേസമയം ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 345 റണ്‍സിലേക്ക് ബാറ്റ് വീശിയ ന്യൂസിലാൻഡ് 296 റണ്‍സില്‍ പുറത്തായതോടെയാണ് 49 റണ്‍സിന്‍റെ നിര്‍ണായക ലീഡ് ഇന്ത്യയ്‌ക്ക് ലഭിച്ചത്.