ലണ്ടൻ : ലെസ്റ്റർഷെയറിനെതിരായ ഇന്ത്യയുടെ സന്നാഹ മത്സരം സമനിലയിൽ. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ 367 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലൈസ്റ്റർഷെയർ നാലാം ദിനം അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്‌ടത്തിൽ 219 റണ്‍സ് നേടിയിരുന്നു. ശുഭ്‌മാൻ ഗിൽ(62), ലൂയിസ് കിംബർ(58) എന്നിവരുടെ ഇന്നിങ്സാണ് ലെസ്റ്റർഷെയറിന് സമനില സമ്മാനിച്ചത്. സ്‌കോർ ഇന്ത്യ: 246/8, 364/7 ലെസ്റ്റർഷെയർ: 244, 219/4
രണ്ടാം ഇന്നിങ്സിൽ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ലെസ്റ്റർഷെയറിന് ഹസൻ അസാദിനെ(12) തുടക്കത്തിൽ തന്നെ നഷ്‌ടമായി. എന്നാൽ തുടർന്നെത്തിയ ഗില്ലും സാമുവൽ ഇവാൻസും(26) ചേർന്ന് സ്‌കോർ ഉയർത്തി. ഇതിനിടെ ഗില്ലും, ഇവാൻസും പുറത്തായി. പിന്നാലെയെത്തിയ ഹനുമാൻ വിഹാരിയും(26) കുറച്ചുനേരം പിടിച്ചുനിന്ന ശേഷം കൂടാരം കയറി. ഇന്ത്യക്കായി ഷാർദുൽ താക്കൂർ രണ്ടും, അശ്വിൻ, ജഡേജ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
രണ്ടാം ഇന്നിങ്സിൽ വിരാട് കോലി(67), ശ്രേയസ് അയ്യർ(62), രവീന്ദ്ര ജഡേജ(56), ശ്രീകർ ഭരത്(43) എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോർ കണ്ടെത്തിയത്. നവ്‌ദീപ് സെയ്‌നി നാലു വിക്കറ്റും ജസ്‌പ്രീത് ബുംറ രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ശ്രീകർ ഭരതിന്‍റെ(70) ബാറ്റിങ് മികവിലാണ് മികച്ച സ്‌കോർ നേടിയത്. വിരാട് കോലി(33) ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചു.
ജൂലൈ ഒന്നിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കുക. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന ടെസ്റ്റാണ് ഇന്ത്യ ഈ വര്‍ഷം കളിക്കുന്നത്. ടീമിലെ കൊവിഡ് ബാധയെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ടെസ്റ്റ് പരമ്പര പൂര്‍ത്തിയാക്കാതെ ഇന്ത്യ മടങ്ങിയത്. പരമ്പരയില്‍ നിലവില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.