ബെംഗളൂരു: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഒരുക്കങ്ങള്‍ ടീം ഇന്ത്യ ജനുവരി 20ന് ആരംഭിക്കുമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid About Indian Team Preparations For Test Series Against England). അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിന് ശേഷമാണ് ഇന്ത്യന്‍ പരിശീലകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷമാണ് താരങ്ങള്‍ ഹൈദരാബാദിലെ പരിശീലന ക്യാമ്പിലേക്ക് എത്തുന്നതെന്നും ദ്രാവിഡ് അറിയിച്ചു.
ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, മുകേഷ് കുമാർ, ആവേശ് ഖാൻ എന്നീ താരങ്ങളാണ് അഫ്‌ഗാനെതിരായ ടി20 പരമ്പരയ്‌ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിക്കാനൊരുങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിക്കുന്നത്. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ജനുവരി 25നാണ് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത് (India vs England Test Series).
2018ന് ശേഷം ഇത് ആദ്യമായാണ് ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് എത്തുന്നത്. 2021ലാണ് ഇരു ടീമും അവസാനമായി ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടിയത്. കൊവിഡിനെ തുടര്‍ന്ന് അവസാന മത്സരം 2022ല്‍ നടന്ന ആ പരമ്പര സമനിലയിലാണ് കലാശിച്ചത്.
അതേസമയം, യുഎഇയില്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച ശേഷമാണ് ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് എത്തുന്നത്. പത്ത് വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര മോഹവുമായാണ് ബെന്‍ സ്റ്റോക്‌സും സംഘവും എത്തുന്നത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം (India Squad): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍.
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര മത്സരക്രമം...
- ഒന്നാം ടെസ്റ്റ് മത്സരം : ഹൈദരാബാദ് (ജനുവരി 25-29)
- രണ്ടാം ടെസ്റ്റ് മത്സരം : വിശാഖപട്ടണം (ഫെബ്രുവരി 2-6)
- മൂന്നാം ടെസ്റ്റ് മത്സരം : രാജ്‌കോട്ട് (ഫെബ്രുവരി 15-19)
- നാലാം ടെസ്റ്റ് മത്സരം : റാഞ്ചി (ഫെബ്രുവരി 23-27)
- അഞ്ചാം ടെസ്റ്റ് മത്സരം : ധര്‍മശാല (മാര്‍ച്ച് 7-11)
Also Read : റിട്ടയേർഡ് ഹർട്ടോ ഔട്ടോ, സൂപ്പര്‍ ഓവറിലെ രോഹിത് തന്ത്രം...? നിയമം പറഞ്ഞ് മാച്ച് ഒഫീഷ്യല്‍സ്