സതാംപ്‌ടൺ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് 50 റൺസിന്‍റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 198 റൺസാണെടുത്തത്. ഇംഗ്ലണ്ടിന്‍റെ മറുപടി 19.3 ഓവറിൽ 148 റൺസിന് അവസാനിച്ചു.
ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയ്‌ക്ക് മിന്നുന്ന ജയമൊരുക്കിയത്. അര്‍ധ സെഞ്ചുറി നേടിയ ഹാർദിക് 33 റൺസിന് നാല് വിക്കറ്റുകളും വീഴ്ത്തി.
ഇംഗ്ലണ്ടിന്‍റെ മുഴുവൻ സമയ വൈറ്റ് ബോള്‍ നായകനായുള്ള ജോസ് ബട്‌ലറുടെ ആദ്യ മത്സരമായിരുന്നുവിത്. എന്നാല്‍ വ്യക്തിഗതമായും ബട്‌ലര്‍ക്ക് മികവ് പുലര്‍ത്താനായില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ ഭുവനേശ്വര്‍ കുമാറിന്‍റെ പന്തില്‍ കുറ്റി തെറിച്ച് മടങ്ങാനായിരുന്നു ബട്‌ലറുടെ വിധി. 20 പന്തിൽ 36 റൺസെടുത്ത മോയിൻ അലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറർ.
ഹാരി ബ്രൂക് (23 പന്തില്‍ 28), ക്രിസ് ജോർഡാൻ (17 പന്തില്‍ 26*), ഡേവിഡ് മലാൻ (14 പന്തില്‍ 21) എന്നിങ്ങനെയാണ് രണ്ടക്കം തൊട്ട മറ്റുതാരങ്ങളുടെ പ്രകടനം. ആറ് താരങ്ങള്‍ക്ക് രണ്ടക്കം തൊടാനായില്ല. ഇതില്‍ ബട്‌ലറക്കം മൂന്ന് പേര്‍ പൂജ്യത്തിനാണ് പുറത്തായത്.
ഇന്ത്യയ്‌ക്കായി അരങ്ങേറ്റ മത്സരം കളിച്ച അർഷ്‌ദീപ് സിങ് 3.3 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടി. യുസ്‌വേന്ദ്ര ചാഹലിനും രണ്ട് വിക്കറ്റുണ്ട്. ഹര്‍ഷല്‍ പട്ടേലും ഭുവിയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 33 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സാണ് ഹര്‍ദിക് അടിച്ചെടുത്തത്. സൂര്യകുമാർ യാദവ് (19 പന്തിൽ 39), ദീപക് ഹൂഡ (17 പന്തില്‍ 33), രോഹിത് ശർമ (14 പന്തിൽ 24), അക്‌സര്‍ പട്ടേല്‍ (12 പന്തില്‍ 17), ദിനേശ് കാര്‍ത്തിക് (7 പന്തില്‍11) എന്നിങ്ങനെയാണ് രണ്ടക്ക കണ്ട മറ്റ് താരങ്ങളുടെ പ്രകടനം.
ഇഷാന്‍ കിഷന്‍ (8 പന്തില്‍ 10), ഹര്‍ഷല്‍ പട്ടേല്‍ (6 പന്തില്‍ 3), എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ഭുവിയും അര്‍ഷ്‌ദീപും പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദ്ദാനും മൊയീന്‍ അലിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.