ലണ്ടന്‍: ഡെര്‍ബിഷെയറിനെതിരായ സന്നാഹ ടി20 മത്സരത്തില്‍ ഇന്ത്യക്ക് ജയം. ഹാര്‍ദിക്കിന്‍റെ അഭാവത്തില്‍ ദിനേശ് കാര്‍ത്തികിന് കീഴിലിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ഡെര്‍ബിഷെയര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് നേടിയത്.
മറുപടിക്കിറങ്ങിയ ഇന്ത്യ 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ദീപക് ഹൂഡ (37 പന്തില്‍ 59), സഞ്ജു സാംസണ്‍ (30 പന്തില്‍ 38), സൂര്യകുമാര്‍ യാദവ് (22 പന്തില്‍ 36*) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് അനായാസ ജയമൊരുക്കിയത്.
ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ റിതുരാജ് ഗെയ്‌ക്‌വാദ് (3) തിരിച്ച് കയറി. തുടര്‍ന്ന് ഒന്നിച്ച ഹൂഡയും സഞ്ജുവും കൂട്ടിച്ചേര്‍ത്ത 51 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് വിജയത്തിന് അടിത്തറ പാകിയത്. എട്ടാം ഓവറില്‍ സഞ്ജു തിരിച്ച് കയറി.
പിന്നീട് ഒന്നിച്ച ഹൂഡ- സൂര്യകുമാര്‍ സഖ്യം മൂന്നാം വിക്കറ്റില്‍ 78 റണ്‍സടിച്ചു. ലക്ഷ്യത്തിന് 17 റണ്‍സകലെ ഹൂഡ വീണെങ്കിലും ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തികിനൊപ്പം (7*) സൂര്യകുമാര്‍ ഇന്ത്യയുടെ വിജയമുറപ്പിച്ചു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഡെര്‍ബിഷെയറിനെ അര്‍ഷ്ദീപ് സിങ്ങും, ഉമ്രാന്‍ മാലിക്കും ചേര്‍ന്നാണ് പിടിച്ച് കെട്ടിയത്. 28 റണ്‍സ് നേടിയ വെയ്ന്‍ മാഡ്‌സെനാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. കാറ്റ്‌റൈറ്റ് (27), ബ്രൂക്ക് ഗസ്റ്റ് (23), അലക്‌സ് ഹ്യൂഗ്‌സ് (24), മാറ്റി മക്കീര്‍നന്‍ (16*) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.
അര്‍ഷ്ദീപ് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങിയും ഉമ്രാന്‍ 34 റണ്‍സ് വഴങ്ങിയുമാണ് രണ്ട് വിക്കറ്റുകള്‍ വീതം നേടിയത്. മൂന്ന് ഓവറില്‍ 18 റണ്‍സ് വീതം വിട്ടുകൊടുത്ത അക്‌സര്‍ പട്ടേലും വെങ്കടേഷ് അയ്യരും ഓരോ വിക്കറ്റുകള്‍ നേടി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്‌ക്ക് മുന്നോടിയായാണ് ഇന്ത്യ ഡെര്‍ബിഷെയറിനെതിരെ സന്നാഹ മത്സരത്തിനിറങ്ങിയത്.