വിശാഖപട്ടണം: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് 118 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 26 ഓവറില്‍ 117 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. തീ തുപ്പുന്ന പന്തുകളുമായി ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെ നിലംപരിശാക്കിയ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ ചെറിയ സ്‌കോറിലൊതുക്കിയത്.
35 പന്തില്‍ 31 റണ്‍സെടുത്ത വിരാട് കോലിയാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. ഇന്ത്യന്‍ നിരയില്‍ ഏഴ് താരങ്ങള്‍ക്ക് രണ്ടക്കം തൊടാന്‍ കഴിഞ്ഞില്ല. ഇതില്‍ നാല് പേര്‍ പൂജ്യത്തിനാണ് പുറത്തായത്. വാലറ്റത്ത് പുറത്താവാതെ നിന്ന് അക്‌സര്‍ പട്ടേല്‍ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ നൂറുകടത്തുന്നതില്‍ നിര്‍ണായകമായത്.
ഇന്നിങ്‌സിന്‍റെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനെ പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യയ്‌ക്ക് ഞെട്ടിക്കുന്ന തുടക്കമാണ് നല്‍കിയത്. ഓഫ് സ്റ്റംപിന് പുറത്തേക്ക് പോയ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ ബാറ്റ് വച്ച ഗില്ലിനെ ഷോര്‍ട്ട് പോയന്‍റില്‍ മാര്‍നസ് ലബുഷെയ്ന്‍ പിടികൂടുകയായിരുന്നു.
രണ്ട് പന്തുകള്‍ മാത്രം നേരിട്ട താരത്തിന് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. അഞ്ചാം ഓവര്‍ പിന്നിടുമ്പോഴേക്കും രോഹിത്തും വീണു. 15 പന്തില്‍ 13 റണ്‍സെടുത്ത ഇന്ത്യന്‍ നായകനെ സ്റ്റാര്‍ക്ക് സ്റ്റീവ് സ്‌മിത്തിന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. മൂന്നാം നമ്പറിലെത്തിയ വിരാട് കോലി ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ നിരാശപ്പെടുത്തി.
നാലാം നമ്പറിലെത്തിയ സൂര്യയെ നേരിട്ട ആദ്യ പന്തില്‍ തന്നെ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്റ്റാര്‍ക്കിന്‍റെ ഇൻസ്വിങ്ങറില്‍ ഡ്രൈവ് ഷോട്ട് കളിക്കാനുള്ള സൂര്യയുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. ഒന്നാം ഏകദിനത്തിലെ ഹീറോയായിരുന്ന രാഹുലും സ്റ്റാര്‍ക്കിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങിയാണ് തിരിച്ച് കയറിയത്.
12 പന്തില്‍ വെറും ഒമ്പത് റണ്‍സ് മാത്രമാണ് രാഹുലിന് നേടാന്‍ കഴിഞ്ഞത്. ഹാര്‍ദിക്കിനാവട്ടെ വെറും മൂന്ന് പന്തുകള്‍ മാത്രമായിരുന്നു ആയുസ്. ഒരു റണ്‍ മാത്രമെടുത്ത താരത്തെ സീന്‍ ആബോട്ടിന്‍റെ പന്തില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ ഓസീസ് ക്യാപ്റ്റന്‍ സ്‌റ്റീവ് സ്‌മിത്താണ് പിടികൂടിയത്. ഇതോടെ 9.2 ഓവറില്‍ 49 റണ്‍സ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.
ആറാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോലിയും രവീന്ദ്ര ജഡേജയും പതിയെ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ട് ഇന്ത്യയ്‌ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ 16-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ കോലിയെ പുറത്താക്കി നഥാന്‍ എല്ലിസ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. എട്ടാം നമ്പറിലെത്തിയ അക്‌സര്‍ പട്ടേല്‍ ഒരറ്റത്ത് പിടിച്ച് നിന്നെങ്കിലും രവീന്ദ്ര ജഡേജയും (39 പന്തില്‍ 16), പിന്നാലെ കുല്‍ദീപ് യാദവ് (17 പന്തില്‍ 4), മുഹമ്മദ് ഷമി (1 പന്തില്‍ 0), മുഹമ്മദ് സിറാജ് (3 പന്തില്‍ 0) എന്നിവരും തിരിച്ച് കയറിതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു.
29 പന്തില്‍ 29 റണ്‍സെടുത്താണ് അക്‌സര്‍ പുറത്താവാതെ നിന്നത്. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് എട്ട് ഓവറില്‍ 53 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് സ്വന്തമാക്കി. സീന്‍ ആബോട്ട് ആറ് ഓവറില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ നഥാന്‍ എല്ലിസ് അഞ്ച് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളും നേടി.