ബെംഗളൂരു: ഇന്ത്യ- അഫ്‌ഗാനിസ്ഥാന്‍ മൂന്നാം ടി20 ഇന്ന്. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം തുടങ്ങുക. (India vs Afghanistan 3rd T20I Preview). കഴിഞ്ഞ രണ്ട് ടി20കളിലും വിജയിച്ച നീലപ്പട ഇതിനകം തന്നെ പരമ്പര നേടിയിട്ടുണ്ട്. ഇതോടെ ചിന്നസ്വാമിയിലും മത്സരം പിടിച്ചാല്‍ പരമ്പര തൂത്തുവാരാന്‍ ഇന്ത്യയ്‌ക്ക് കഴിയും.
മറുവശത്ത് ആശ്വാസ വിജയമാണ് അഫ്‌ഗാന്‍ ലക്ഷ്യം വയ്‌ക്കുക. ടെലിവിഷനില്‍ സ്‌പോര്‍ട്‌സ് 18 നെറ്റ്‌വര്‍ക്കിലാണ് മത്സരം തത്സമ സംപ്രേഷണം ചെയ്യുന്നത്. ഓണ്‍ലൈനായി ജിയോ സിനിമ ആപ്പിലും വെബ്‌സൈറ്റിലും കളി ലഭ്യമാണ്. (Where to watch Ind vs Afg T20I).
ഇന്ത്യന്‍ നിരയില്‍ മൂന്ന് മാറ്റത്തിന് സാധ്യതയുണ്ട്. ആദ്യ രണ്ട് ടി20കളിലും അവസരം ലഭിക്കാത്ത സഞ്‌ജു സാംസണ്‍ (Sanju Samson), കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍ എന്നിവര്‍ പ്ലേയിങ് ഇലവനിലെത്തിയേക്കും. ജിതേഷ് ശര്‍മ, രവി ബിഷ്‌ണോയ്, മുകേഷ് കുമാര്‍ എന്നിവരാവും പുറത്താവുക. ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഫോര്‍മാറ്റില്‍ നീലപ്പടയുടെ അവസാന അവസാന അന്താരാഷ്‌ട്ര മത്സരമാണിത്.
ലോകകപ്പ് സ്‌ക്വാഡിലേക്ക് പ്രതീക്ഷ വയ്‌ക്കാന്‍ സഞ്‌ജുവിന് മികച്ച പ്രകടനം തന്നെ നടത്തേണ്ടി വരും. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (Rohit Sharma) സംബന്ധിച്ചും ഏറെ നിര്‍ണായകമായ മത്സരമാണിത്. അന്താരാഷ്‌ട്ര ടി20യില്‍ 14 മാസങ്ങളുടെ ഇടവേള അവസാനിപ്പിച്ചായിരുന്നു 36-കാരന്‍ അഫ്‌ഗാനെതിരെ കളിക്കാന്‍ ഇറങ്ങിയത്.
എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ഹിറ്റ്‌മാന്‍ നിരാശപ്പെടുത്തി. മൊഹാലിയില്‍ നടന്ന ആദ്യ ടി20യില്‍ രണ്ട് പന്തുകളും ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ ഒരു പന്തും മാത്രമായിരുന്നു താരത്തിന്‍റെ ആയുസ്. ആദ്യ ടി20യില്‍ റണ്ണൗട്ടായ രോഹിത് ശര്‍മ രണ്ടാം ടി20യില്‍ ബൗള്‍ഡാവുകയായിരുന്നു. ഇതോടെ ബെംഗളൂരുവില്‍ താരത്തിന്‍റെ ബാറ്റിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ALSO READ: 'അവനുണ്ടാക്കുന്നത് വലിയ തലവേദന'; ശിവം ദുബെ സെലക്‌ടര്‍മാരെ പ്രയാസത്തിലാക്കിയെന്ന് ഗവാസ്‌കര്‍
ഇന്ത്യന്‍ പ്ലേയിങ് ഇലവന്‍ ഇവരില്‍ നിന്ന്: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിങ്ടൻ സുന്ദർ, അക്‌സർ പട്ടേൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്‌ദീപ് സിങ്, ആവേശ് ഖാൻ, മുകേഷ് കുമാർ. (India Squad for T20I Series against Afghanistan).
അഫ്‌ഗാന്‍ പ്ലേയിങ് ഇലവന്‍ ഇവരില്‍ നിന്ന്: ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റന്‍), റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), ഇക്രാം അലിഖിൽ (വിക്കറ്റ് കീപ്പര്‍), ഹസ്രത്തുള്ള സസായി, റഹ്മത്ത് ഷാ, നജിബുള്ള സദ്രാൻ, മുഹമ്മദ് നബി, കരീം ജനത്, അഷ്‌മർ ജനാത്, അസ്മുള്ള ഒമർസായി, ഷറഫുദ്ദീൻ അഷ്‌റഫ്, മുജീബ് ഉർ റഹ്മാൻ, ഫസൽ ഹഖ് ഫാറൂഖി, ഫരീദ് അഹമ്മദ്, നവീൻ ഉൽ ഹഖ്, നൂർ അഹമ്മദ്, മുഹമ്മദ് സലീം, ഖായിസ് അഹമ്മദ്, ഗുൽബാദിൻ നയിബ് (Afghanistan Squad for T20I Series against India).