സിഡ്‌നി: ഓസ്‌ട്രേലിക്ക് എതിരായ ടി20 പരമ്പര 2-1ന് സ്വന്തമാക്കിയതിന് പിന്നാലെ ടീം ഇന്ത്യക്ക് തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന് ടീം അംഗങ്ങള്‍ മാച്ച് ഫീയുടെ 20 ശതമാനം പിഴയായി നല്‍കണം. മാച്ച് റഫറി ഡേവിഡ് ബൂണാണ് പിഴ വിധിച്ചത്. സിഡ്‌നിയില്‍ നിശ്ചിത സമയത്ത് ബൗളിങ് അവസാനിപ്പിക്കാന്‍ വിരാട് കോലിക്കും കൂട്ടര്‍ക്കും സാധിച്ചിരുന്നില്ല. ഐസിസിയുടെ പുതിയ നിയമ പ്രകാരം ടീം അംഗങ്ങള്‍ എല്ലാവരും പിഴ ഒടുക്കേണ്ടി വരും. നേരത്തെ ടീം ക്യാപ്‌റ്റന്‍ മാത്രം മാച്ച് ഫീയുടെ നിശ്ചിത ശതമാനം പിഴയായി അടച്ചാല്‍ മതിയായിരുന്നു.
വിരാട് കോലി പിഴയൊടുക്കാനുള്ള തീരുമാനം അംഗീകരിച്ചതിനാല്‍ കൂടുതല്‍ വിചാരണ നേരിടേണ്ടി വരില്ല. ഓസ്‌ട്രേലിയക്ക് എതിരായ ടി20 പരമ്പരയില്‍ കാന്‍ബറയില്‍ നടന്ന ആദ്യ മത്സരം 11 റണ്‍സിലും സിഡ്‌നിയില്‍ നടന്ന രണ്ടാമത്തെ മത്സരം ആറ് വിക്കറ്റിനും ടീം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 12 റണ്‍സിന്‍റെ ജയം ആതിഥേയരും സ്വന്തമാക്കി.
ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള ടെസ്റ്റ് പരമ്പര ഈ മാസം 17ന് അഡ്‌ലെയ്‌ഡില്‍ ആരംഭിക്കും. നാല് മത്സരങ്ങളുള്ള പരമ്പര ഡേ-നൈറ്റ് ടെസ്റ്റോടെയാണ് ആരംഭിക്കുക. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയാണ് ടെസ്റ്റ് പരമ്പര. അതേസമയം പരിക്കേറ്റ ഓപ്പണര്‍ രോഹിത് ശര്‍മ ടെസ്റ്റ് പരമ്പരക്കുള്ള ടീം ഇന്ത്യക്ക് ഒപ്പം ചേരുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.