മെല്‍ബണ്‍: പേസര്‍മാരായ മുഹമ്മദ് ഷമിയുടെയും ഇശാന്ത് ശര്‍മയുടെയും അഭാവം മെല്‍ബണില്‍ ടീം ഇന്ത്യക്ക് തിരിച്ചടിയാണെന്ന് അജിങ്ക്യാ രഹാനെ. വിരാട് കോലിയുടെ അഭാവത്തില്‍ മെല്‍ബണില്‍ ടീം ഇന്ത്യയെ നയിക്കുന്നത് രഹാനെയാണ്. ഇന്ത്യയുടെ പേസ് ആക്രമണത്തിലെ ത്രിമൂര്‍ത്തികളില്‍ രണ്ട് പേരാണ് പരിക്ക് കാരണം പുറത്തിരിക്കുന്നത്. ഇത് ടീമിന്‍റെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കും.
കഴിഞ്ഞ തവണ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നടന്നപ്പോള്‍ മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ തിളങ്ങിയ ജസ്‌പ്രീത ബുമ്ര മാത്രമാണ് ഇന്ന് പേസ് ത്രയത്തിന്‍റെ ഭാഗമായി ടീമില്‍ അവശേഷിക്കുന്നത്. മത്സരത്തില്‍ 86 റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റ് വീഴ്‌ത്തിയ ബുമ്രയാണ് അന്ന് കളിയിലെ താരമായി മാറിയത്. പരിക്കേറ്റ ഷമിക്കും ഇശാന്തിനും പകരം ഉമേഷ് യാദവും മുഹമ്മദ് സിറാജുമാണ് ടീം ഇന്ത്യയുടെ പേസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഭാഗമാകുന്നത്. ഇരുവരും ബുമ്രക്കൊപ്പമുണ്ടാക്കുന്ന പേസ് ആക്രമണത്തിന്‍റെ കൂട്ടുകെട്ടുകള്‍ ടീം ഇന്ത്യക്ക് നിര്‍ണായകമാകുമെന്നാണ് കണക്ക് കൂട്ടല്‍.
നാളെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്ക് ടീം ഇന്ത്യ നാല് മാറ്റവുമായാണ് ഇറങ്ങുന്നത്. വിരാട് കോലി, പൃഥ്വി ഷാ, മുഹമ്മദ് ഷമി, വൃദ്ധിമാന്‍ സാഹ എന്നിവര്‍ പുറത്തേക്ക് പോയപ്പോള്‍ രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, ശുഭ്‌മാന്‍ ഗില്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമില്‍ ഇടം ലഭിച്ചു.