സിഡ്‌നി: ഇശാന്ത് ശര്‍മയുടെ അഭാവം ടീം ഇന്ത്യക്ക് വലിയ നഷ്‌ടമാണെന്ന് ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ സ്റ്റീവ് സ്‌മിത്ത്. അഡ്‌ലെയ്‌ഡ് ടെസ്റ്റിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ആ നഷ്‌ടം നികത്തുമെന്നാണ് കരുതുന്നത്. ഇരുവരും മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നതെന്നും ഇരുവരും ടീം ഇന്ത്യയുടെ പേസ് ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടുമെന്നും സ്‌മിത്ത് കൂട്ടിച്ചേര്‍ത്തു. നിലവിലെ ടെസ്റ്റ് ഓസ്ട്രേലിയൻ ടീമിലെ ഒമ്പത് ബാറ്റ്സ്മാൻമാരിൽ ടിം പെയ്ൻ, ട്രാവിസ് ഹെഡ് എന്നിവർക്കാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ബുംറക്കും മുഹമ്മദ് ഷമിക്കും എതിരെ കളിച്ച് പരിചയമുള്ളൂ. ഇന്ത്യയുടെ ബൗളിങ് നിരയില്‍ നിരവധി പരിചയ സമ്പന്നരാണുള്ളത്. ഇവരെ നേരിടാന്‍ ഓസിസ് നിര ജാഗ്രത കാണിക്കണം.
മികച്ച സ്‌പിന്നര്‍മാരും ടീം ഇന്ത്യക്കുണ്ട്. രവിചന്ദന്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവരെല്ലാം സ്‌പിന്‍ ബൗളിങ്ങില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ബാറ്റിങ്ങിലും ടീം ഇന്ത്യ മികച്ച പ്രകടനമാണ് ആവര്‍ത്തിക്കുന്നത്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള നാല് മത്സരങ്ങളുള്ള പരമ്പര ഈ മാസം 17ന് ആരംഭിക്കും. അഡ്‌ലെയ്‌ഡില്‍ ഡേ-നൈറ്റ് ടെസ്റ്റോടെയാണ് പരമ്പര ആരംഭിക്കുക. കഴിഞ്ഞ തവണ പരമ്പരയില്‍ ചരിത്ര വിജയം ടീം ഇന്ത്യ സ്വന്തമാക്കിയിരുന്നു.