ന്യൂഡല്‍ഹി:മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ പൃഥ്വി ഷാക്ക് പകരം ലോകേഷ് രാഹുല്‍ ഇന്ത്യന്‍ ഓപ്പണറാകണമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ശുഭ്മാന്‍ ഗില്‍ മധ്യനിരയില്‍ കളിക്കണമെന്നും ഗവാസ്‌കര്‍ ആവശ്യപെട്ടു. മധ്യനിരയില്‍ അഞ്ചാമനായോ ആറാമനായോ ഗില്‍ കളിക്കണമെന്നാണ് ഗവാസ്‌കറുടെ അഭിപ്രായം.
പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ടീം ഇന്ത്യക്ക് തിരിച്ചുവരാന്‍ സാധിക്കും. അഡ്‌ലെയ്‌ഡില്‍ രണ്ടാം ഇന്നിങ്സില്‍ 36 റണ്‍സിന് പുറത്തായതിനാല്‍ ആരാധകര്‍ക്കിടയില്‍ രോഷമുണ്ടാവുക സാധാരണയാണ്. പക്ഷേ ക്രിക്കറ്റില്‍ എന്തും സംഭവിക്കാമെന്ന കാര്യം മറക്കരുത്.
ഓസ്‌ട്രേലിയുടെ ദൗര്‍ബല്യം ബാറ്റിങ്ങിലാണെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ഫീല്‍ഡിങ്ങിലെ പിഴവുകള്‍ പരിഹരിച്ചാല്‍ ആതിഥേയരെ പിടിച്ചുകെട്ടാന്‍ സാധിക്കുമെന്ന സൂചനയും ഗവാസ്‌കര്‍ നല്‍കി. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടി നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ടീം ഇന്ത്യ കളിക്കുന്നത്. പരമ്പരയിലെ രണ്ടാമത്തെ മത്സരം ഈ മാസം 26ന് മെല്‍ബണില്‍ ആരംഭിക്കും. സുനില്‍ ഗവാസ്‌കറുടെയും അലന്‍ ബോര്‍ഡറുടെയും പേരിലുള്ള ബോര്‍ഡര്‍, ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയാണ് പരമ്പര. കഴിഞ്ഞ വര്‍ഷം പരമ്പര ടീം ഇന്ത്യ സ്വന്തമാക്കിയിരുന്നു.