മുംബൈ : വരാനിരിക്കുന്ന ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഇംഗ്ലണ്ടിലുള്ള കോച്ച് രവി ശാസ്‌ത്രി, ക്യാപ്‌റ്റൻ വിരാട് കോലി എന്നിവരുമായുള്ള ചർച്ചക്ക് ശേഷം ഉച്ചയോടെയാകും ടീം പ്രഖ്യാപനം ഉണ്ടാകുക. ചില കളിക്കാരിൽ ഉണ്ടായിരുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് അന്തിമ പട്ടിക കുറച്ചു ദിവസം മുന്നേ തന്നെ ബിസിസിഐ തയ്യാറാക്കിയിരുന്നു.
ടീമിൽ 18ഓളം പേർ
15 അംഗ ടീമിനെ തെരഞ്ഞെടുക്കാനാണ് ഐസിസി രാജ്യങ്ങൾക്ക് അനുമതി നൽകിയിട്ടുള്ളതെങ്കിലും ഇന്ത്യൻ സ്ക്വാഡിൽ 18 പേരോളം കാണുമെന്നാണ് വിവരം. സപ്പോര്‍ട്ട് സ്റ്റാഫുമാരടക്കം ഒരു സംഘത്തില്‍ പരമാവധി 30 പേരെ ഒരു രാജ്യത്തിന് ഉള്‍പ്പെടുത്താം. എന്നാൽ ഇതിൽ കൂടുതൽ പേരെ ഏതെങ്കിലും ടീം കൊണ്ടുവരികയാണെങ്കിൽ അധിക ചിലവ് അതാത് ക്രിക്കറ്റ് ബോർഡുകളുടെ ചുമതലയാണ്.
രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചഹൽ എന്നിവർ നേരത്തെ തന്നെ ടീമിൽ സ്ഥാനം ഉറപ്പിച്ചതാണ്. ഇവർക്ക് പുറമെ ഏതൊക്കെ താരങ്ങളാകും ലോകകപ്പിനുണ്ടാകുക എന്നതിനാണ് ഇന്ന് തീരുമാനമാകുക.
ബൗളർമാർ ആരൊക്കെ
ബൗളിങ് നിരയിൽ ആരൊക്കെ ഉണ്ടാകും എന്ന കാര്യത്തിലാണ് ഏറ്റവും വലിയ ആകാംക്ഷ നിലനിൽക്കുന്നത്. സ്പിന്നിൽ ചഹാലിനും, ജഡേജക്കും ശേഷം മൂന്നാം സ്‌പിന്നർറായി വരുണ്‍ ചക്രവർത്തിയും, രാഹുൽ ചഹാറും തമ്മിലാണ് മത്സരം. പേസിൽ ബുംറക്കും, ഷമിക്കും സ്ഥാനമുറപ്പിച്ചെങ്കിലും മൂന്നാം സ്ഥാനത്തിനായി മത്സരം നടക്കുന്നുണ്ട്. ഭുവനേശ്വർ കുമാറിനാണ് ഏറ്റവും കൂടുതൽ സാധ്യതയെങ്കിലും ദീപക് ചാഹർ, ശാർദുല്‍ താക്കൂർ, മുഹമ്മദ് സിറാജ് എന്നിവരും അവസരം കാത്ത് നിൽപ്പുണ്ട്.
സഞ്ജു ഉണ്ടാകുമോ?
ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കാക്കുക റിഷഭ് പന്ത് തന്നെയായിരിക്കും. കൂടാതെ കെഎല്‍ രാഹുലും ഈ പൊസിഷനിലുണ്ട്. മൂന്നാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനാണ് കൂടുതല്‍ സാധ്യതയുള്ളത്. ശ്രീലങ്കയില്‍ നടന്ന പരമ്പരയിലെ മോശം പ്രകടനം കാരണം മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കാനുള്ള സാധ്യത വളരെ വിരളമാണ്.
ബാറ്റിങ് നിരയിൽ ശ്രേയസ് അയ്യർ, പൃഥ്വി ഷാ എന്നിവർക്ക് അവസരം ലഭിക്കുമോ എന്നതും സസ്പെൻസായി നിലനിൽക്കുന്നുണ്ട്. ഓൾ റൗണ്ടർമാരിൽ ഹാർദിക് പാണ്ഡ്യയുടെ കാര്യം സംശയത്തിലാണ്. പകരം ശാർദുൽ താക്കുറിനെ പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്.
ALSO READ: ടി20 ലോകകപ്പ്; ഇന്ത്യ -പാക് പോരാട്ടം ഒക്‌ടോബർ 24 ന്
ടി20 ലോകകപ്പിന്‍റെ യോഗ്യത മത്സരങ്ങൾ ഒക്‌ടോബർ 17നും സൂപ്പർ 12 മത്സരങ്ങൾ ഒക്‌ടോബർ 23 നും ആരംഭിക്കും. നവംബർ 14 നാണ് ഫൈനൽ. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടും. ഒക്‌ടോബർ 24നാണ് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം.