തിരുവനന്തപുരം : നാളെ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തോട് അനുബന്ധിച്ച് വിവിധതരത്തിലുള്ള നിയന്ത്രണങ്ങളും ക്രമീകരണങ്ങളുമാണ് നടപ്പാക്കുന്നതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വി.അജിത് ഐപിഎസ് ഇടിവി ഭാരതിനോട്. മത്സരത്തിന്‍റെ നടത്തിപ്പിനായി വനിത പൊലീസുകാരടക്കം 750 ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഇത്തവണ ഗ്രൗണ്ടിന് പുറത്തുള്ള സുരക്ഷയ്ക്ക് പുറമേ ടിക്കറ്റ് ചെക്കിങ് പോയിന്‍റിലും പൊലീസുകാരെ നിർത്തുന്നുണ്ടെന്നും ഡിസിപി അജിത് പറഞ്ഞു.
ഇതിനുപുറമെ വിഐപി ഫോർത്ത് ഗേറ്റിലും ടീമുകളുടെ പ്രത്യേക റൂമിന്‍റെ പരിസരത്തും പോലീസുകാരെ വിന്യസിക്കും. നാളെ രാവിലെ 9.30നുള്ളിൽ തന്നെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും നിശ്ചിത സ്ഥലങ്ങളില്‍ നിയോഗിക്കുമെന്നും മത്സരത്തോടനുബന്ധിച്ച് പ്രധാനമായും ട്രാഫിക് മേഖലയിലാണ് പൊലീസ് കൂടുതൽ ക്രമീകരണങ്ങൾ വരുത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം നാളെ ഇങ്ങനെ : ഉച്ചയ്ക്ക് 12.30 മുതൽ വാഹനങ്ങളെ വിവിധ റോഡുകളിലൂടെ വഴി തിരിച്ചുവിടും. ശ്രീകാര്യം മുതൽ കഴക്കൂട്ടം വെട്ടുറോഡ് വരെ പ്രധാന റോഡിന്‍റെ ഇരുവശങ്ങളിലും കാര്യവട്ടം ജങ്ഷൻ മുതൽ പുല്ലാനി വിള വരെയും കാര്യവട്ടം മുസ്‌ലിം ജമാഅത്ത് റോഡ് മുതൽ കുരിശടി ജങ്ഷൻ വരെയുള്ള റോഡിലും ഇരുചക്രവാഹനങ്ങൾ ഉൾപ്പടെ ഒരു വാഹനവും പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
ആറ്റിങ്ങൽ ഭാഗത്തുനിന്ന് ശ്രീകാര്യം മെഡിക്കൽ കോളജ് ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ വെസ്‌റ്റ് റോഡ് നിന്ന് തിരിഞ്ഞ് ചന്തവിള കാട്ടായിക്കോണം ചെമ്പഴന്തി ശ്രീകാര്യം വഴി പോകണം. ചെറിയ വാഹനങ്ങൾ കഴക്കൂട്ടം ബൈപ്പാസ് - മുക്കോലയ്ക്കൽ വഴി പോകണം. ശ്രീകാര്യം ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ ചാവടിമുക്ക് മൺവിള കൊളത്തൂർ വഴി ബൈപ്പാസിൽ എത്തി കഴക്കൂട്ടം ഫ്ലൈ ഓവർ വഴി പോകണം. ഇത്തരത്തിലാണ് വാഹനങ്ങൾക്കുള്ള സഞ്ചാര പാത.
പാര്‍ക്കിങ്ങിന് ബുദ്ധിമുട്ടേണ്ട : ഇരുചക്ര വാഹനങ്ങൾക്ക് സ്‌റ്റേഡിയത്തിന്‍റെ എൻട്രി പോയിന്‍റിനടുത്ത് ലൈറ്റ് സംവിധാനങ്ങളോടെ മൂന്ന് വലിയ ഗ്രൗണ്ടുകൾ പാർക്കിങ്ങിനായി ഒരുക്കിയിട്ടുണ്ട്. നാലുചക്ര വാഹനങ്ങളിൽ വരുന്നവർക്ക് യൂണിവേഴ്‌സിറ്റി ക്യാമ്പസ്, കാര്യവട്ടം ഗവൺമെന്‍റ് കോളജ്, കാര്യവട്ടം ബിഎഡ് സെന്‍റർ ഗ്രൗണ്ട് എന്നിവിടങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാം. സ്‌റ്റേഡിയത്തില്‍ ലഹരി ഉപയോഗം ഉണ്ടാവാതിരിക്കാനും മറ്റും പൊലീസുകാരെ മഫ്തിയിൽ വിന്യസിക്കുകയും വാതുവയ്‌പ്പ് പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയും ചെയ്യുമെന്നും ഡിസിപി അറിയിച്ചു. പരാതികളും നിര്‍ദേശങ്ങളും 9497987001, 9497987002 എന്നീ നമ്പറുകളില്‍ അറിയിക്കാം.