കൊളംബോ: എഷ്യ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ പത്ത് വിക്കറ്റിന്‍റെ മിന്നും വിജയമാണ് ഇന്ത്യ നേടിയത്. ലങ്ക ഉയര്‍ത്തിയ 51 റണ്‍സ് വിജയലക്ഷ്യം വെറും 6.1 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ മറികടന്ന് എട്ടാം തവണ ഇന്ത്യ എഷ്യ കപ്പില്‍ മുത്തമിട്ടു. മുഹമ്മദ് സിറാജിന്‍റെ അത്യുജ്ജ്വല ബൗളിങ് പ്രകടനത്തിന്‍റെ മികവിലാണ് ഇന്ത്യയുടെ ജയം.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്കയുടെ മുന്‍നിര താരങ്ങളെയെല്ലാം ക്രീസില്‍ എത്തിയപാടെ തന്നെ സിറാജ് പവലിയനിലേക്ക് മടക്കിയച്ചിരുന്നു. ആദ്യ അഞ്ച് ഓവറുകള്‍ക്കുളളില്‍ അഞ്ച് വിക്കറ്റുകളാണ് മത്സരത്തില്‍ സിറാജ് നേടിയത്. സിറാജ് പുറത്താക്കിയവരില്‍ ധനഞ്‌ജയ ഡിസില്‍വയ്‌ക്ക്(17) മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.
ധനഞ്‌ജയയ്‌ക്ക് പുറമെ പാത്തും നിസങ്ക, കുശാല്‍ മെന്‍ഡിസ്, സമരവിക്രമ, അസലങ്ക എന്നിവരെല്ലാം അഞ്ച് ഓവറാകുന്നതിന് മുന്നേ സിറാജിന്‍റെ പന്തില്‍ പിടിച്ചുനില്‍ക്കാനാവാതെ മടങ്ങി. ഫൈനലില്‍ 15.2 ഓവറിലാണ് 50 റണ്‍സിന് ലങ്കന്‍ നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞത്. സിറാജിന്‍റെ മാസ്‌മരിക പ്രകടനം തന്നെയായിരുന്നു 20 ഓവര്‍ പോലും തികയ്‌ക്കുന്നതിന് മുന്നെ ശ്രീലങ്കന്‍ ടീമിനെ ഓള്‍ഔട്ട് ആക്കിയതിന്‍റെ പ്രധാന കാരണം.
തന്‍റെ ആദ്യ ഓവര്‍ മെയ്‌ഡനാക്കിയ സിറാജ് രണ്ടാം ഓവറില്‍ നാല് വിക്കറ്റുകളാണ് നേടിയത്. ആദ്യ പന്തില്‍ പാത്തും നിസങ്ക, മൂന്നാം പന്തില്‍ സമരവിക്രമ, നാലം പന്തില്‍ അസലങ്ക, ആറാമത്തെ പന്തില്‍ ധനഞ്‌ജയ ഡിസില്‍വ എന്നിവരെയാണ് സിറാജ് മടക്കിയത്. മുന്‍നിര താരങ്ങള്‍ എല്ലാം പെട്ടെന്ന് തന്നെ പവലിയനിലേക്ക് മടക്കിയത് ഫൈനലില്‍ ലങ്കയുടെ ആത്മവിശ്വാസം കുറച്ചിരുന്നു.
ഏഴ് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്താണ് സിറാജ് മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ നേടിയത്. ഇന്ത്യയെ വീണ്ടും എഷ്യ കപ്പ് കിരീടം നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സിറാജ് തന്നെയായിരുന്നു മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ച്. ആദ്യ ബാറ്റിങ്ങിന് ഇറങ്ങി മികച്ച സ്കോര്‍ കണ്ടെത്തിയ ശേഷം ഇന്ത്യയെ തോല്‍പ്പിക്കാമെന്ന ശ്രീലങ്കയുടെ ആത്മവിശ്വാസം പാടെ ഇല്ലാതാക്കുന്ന തരത്തിലായിരുന്നു സിറാജിന്‍റെ പെര്‍ഫോമന്‍സ്.
ഫൈനലില്‍ കുശാല്‍ പെരേരയെ ആദ്യ ഓവറില്‍ തന്നെ മടക്കി ജസ്‌പ്രീത് ബുംറയായിരുന്നു വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്. കുശാല്‍ പെരേരയെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ചാണ് ബുംറ പുറത്താക്കിയത്. ഈ സമയത്ത് ഒരു റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലായിരുന്നു ലങ്ക. തുടര്‍ന്ന് രണ്ടാം ഓവര്‍ ഏറിയാനെത്തിയ സിറാജ് ഓഫ് സ്റ്റമ്പിന് മുകളിലൂടെ സ്വിങ് ചെയ്യിപ്പിച്ചുകൊണ്ടുളള തന്‍റെ ബോളിങ്ങിലൂടെ ലങ്കന്‍ ബാറ്റര്‍മാരെ സമര്‍ദത്തിലാക്കി.
ഈ ഓവര്‍ മെയ്‌ഡനാക്കി കൊണ്ടാണ് സിറാജ് തുടങ്ങിയത്. പിന്നീട് സിറാജിന്‍റെ അഴിഞ്ഞാട്ടമാണ് കാണാന്‍ കഴിഞ്ഞത്. തന്‍റെ ആദ്യ ഓവര്‍ മെയ്‌ഡനാക്കിയ സിറാജ് രണ്ടാം ഓവറില്‍ നാല് വിക്കറ്റുകളായിരുന്നു വീഴ്‌ത്തിയത്. മുന്‍നിര തുടരെ തകര്‍ന്നടിഞ്ഞ ലങ്കയുടെ പ്രതീക്ഷയായിരുന്ന ക്യാപ്റ്റന്‍ ദാസുന്‍ ഷനക. എന്നാല്‍ ഷനകയെ (4 പന്തില്‍ 0) ഇരയാക്കിയ സിറാജ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കുകയായിരുന്നു. പിന്നാലെ കുശാല്‍ മെൻഡിസിനെയും (34 പന്തില്‍ 17) താരം ബൗള്‍ഡാക്കി.
സിറാജ് നിര്‍ത്തിയതോടെയാണ് ഹാര്‍ദിക്ക് തുടങ്ങിയത്. ദുനിത് വെല്ലലഗെ (21 പന്തില്‍ 8), പ്രമോദ് മധുഷൻ (6 പന്തില്‍ 1), മതീഷ പതിരണ (1 പന്തില്‍ 0) എന്നിവര്‍ ഹാര്‍ദിക്കിന് മുന്നിലാണ് വീണത്. ദുഷൻ ഹേമന്ത (15 പന്തുകളില്‍ 13) പുറത്താവാതെ നിന്നു.