ന്യൂഡല്‍ഹി : ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചൂറിയനില്‍ മികച്ച തുടക്കം ലഭിച്ചങ്കിലും അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പുറത്തായത്. 94 പന്തില്‍ 35 റണ്‍സാണ് താരത്തിന് നേടാനായത്. എന്‍ഗിഡിയുടെ പന്തില്‍ എഡ്‌ജായി സ്ലിപ്പില്‍ വിയാന്‍ മുള്‍ഡറുടെ കൈകളിലാണ് കോലി അവസാനിച്ചത്.
ഓഫ് സ്റ്റംപില്‍ നിന്നും വൈഡായി പുറത്തേക്ക് പോകുന്ന പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ചതാണ് താരത്തിന് വിനയായത്. 2019ന് ശേഷം ടെസ്റ്റില്‍ ഒരു സെഞ്ചുറി പോലും നേടാനാവാത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ അവസാനത്തെ 10 ഇന്നിങ്‌സുകള്‍ക്കിടെ ഇത് ആറാം തവണയാണ് 20നും 50നുമിടയിലുള്ള റണ്‍സിനിടെ പുറത്താവുന്നത്.
പലപ്പോഴും മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതിടെ നിസാര പിഴവുകളിലൂടെയാണ് താരം വിക്കറ്റ് നഷ്ടപ്പെടുത്തുന്നത്. കോലിക്ക് സംഭവിക്കുന്ന പിഴവ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബാംഗര്‍.
also read: IND vs SA : രണ്ടാം ദിനം മഴയെടുത്തു ; ഇന്ത്യയ്‌ക്ക് തിരിച്ചടി
കോലി ഫ്രണ്ട് ഫൂട്ടിനെ അമിതമായി ആശ്രയിക്കുന്നതാണ് പ്രശ്‌നമെന്നും, ബാക്ക് ഫൂട്ടിലെ കളികൂടി താരം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും സഞ്ജയ് ബാംഗര്‍ അഭിപ്രായപ്പെട്ടു. പേസര്‍മാരെ തുണയ്‌ക്കുന്ന ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക പോലുള്ള രാജ്യങ്ങളിലെ പിച്ചില്‍ ഇത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
സെഞ്ചൂറിയനില്‍ വൈഡ് ബോളിനെതിരെ ഷോട്ട് കളിക്കാന്‍ ശ്രമിച്ചത് മാനസികമായി കോലിയില്‍ നിന്നുള്ള ഒരു പിഴവായിരിക്കാമെന്നും ബാംഗര്‍ കൂട്ടിച്ചേര്‍ത്തു.