ലണ്ടൻ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിനെ പുരോഗതിയിലേക്ക് നയിച്ചത് വിരാട് കോലിയാണെന്ന് ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഗ്രെയിം സ്‌മിത്ത്. കോലിയുടെ ക്യാപ്‌റ്റന്‍സിയുടെ സമയത്താണ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിനെ ഗൗരവമായി എടുത്തതെന്നും സ്‌മിത്ത് പറഞ്ഞു. നിലവില്‍ വലിയ ക്രിക്കറ്റ് രാജ്യങ്ങള്‍ മാത്രമാണ് ടെസ്റ്റില്‍ സംഭാവന നല്‍കുന്നത്.
വരും വര്‍ഷങ്ങളില്‍ അഞ്ചോ-ആറോ രാജ്യങ്ങള്‍ മാത്രമായിരിക്കും ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയെന്നും സ്‌മിത്ത് അഭിപ്രായപ്പെട്ടു. നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിന്‍റെ കമ്മിഷണറാണ് ഗ്രെയിം സ്‌മിത്ത്. ലീഗിലെ മുഴുവന്‍ ടീമുകളും സ്വന്തമാക്കിയത് ഇന്ത്യന്‍ ഉടമകളാണ്.
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലേക്ക് ഇത്തരം നിക്ഷേപങ്ങള്‍ എത്തുന്നത് ഗുണം ചെയ്യുമെന്നും സ്‌മിത്ത് പറഞ്ഞു. ക്രിക്കറ്റില്‍ സാമ്പത്തികമായി ഇംഗ്ലണ്ട്, ഇന്ത്യ എന്നിവയ്‌ക്കൊപ്പം സുസ്ഥിരമായി തുടരാൻ ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ മേലുള്ള സമ്മർദം വലുതാണ്. സൗത്ത് ആഫ്രിക്കയോ, മറ്റേതെങ്കിലും രാജ്യമോ ക്രിക്കറ്റില്‍ നിന്നും ഇല്ലാതാവുന്നത് ലോക ക്രിക്കറ്റിന് താങ്ങാനാവില്ലെന്നും സ്‌മിത്ത് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ത്യയെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലേക്ക് നയിക്കാന്‍ കോലിക്ക് കഴിഞ്ഞിരുന്നു. ടെസ്റ്റിന്‍റെ കാലം അവസാനിച്ചുവെന്ന വാദങ്ങള്‍ ഉയരുന്നതിനിടെ ഫോര്‍മാറ്റിനായി ശക്തമായി നിലകൊണ്ട താരം കൂടിയാണ് കോലി.