അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനെ നേരിടാന്‍ ടീം ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ പ്ലേയിങ് ഇലവനില്‍ ആരെല്ലാം ഇടം പിടിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മത്സരത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലാണ് (Shubman Gill). ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ഇന്ത്യയുടെ പ്രധാന താരങ്ങളിലൊരാളായ ഗില്ലിന് ആദ്യ രണ്ട് മത്സരങ്ങളും കളിക്കാന്‍ സാധിച്ചിരുന്നില്ല.
നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് ഗില്‍ മത്സരത്തിനായുള്ള ശാരീരിക ക്ഷമത വീണ്ടെടുത്തിട്ടുണ്ടെന്നാണ്. ചെന്നൈയിലെ ചികിത്സയ്‌ക്ക് ശേഷം നേരിട്ട് അഹമ്മദാബാദിലേക്ക് എത്തിയ ഗില്‍ കഴിഞ്ഞ ദിവസം ഒരുമണിക്കൂറിലധികം നേരം നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ഗില്‍ ടീമിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതതളെ കുറിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും കഴിഞ്ഞ ദിവസം പ്രതികരണം നടത്തി.
പാകിസ്ഥാനെതിരായ മത്സരത്തില്‍ ഗില്‍ കളിക്കാന്‍ 99 ശതമാനം സാധ്യതയുണ്ടെന്നാണ് രോഹിത് ശര്‍മ മത്സരത്തലേന്ന് വ്യക്തമാക്കിയത്. ശുഭ്‌മാന്‍ ഗില്‍ ടീമിലേക്ക് തിരിച്ചെത്തുന്നതോടെ ഇഷാന്‍ കിഷന്‍ ആയിരിക്കും ടീമിന് പുറത്തേക്ക് പോകുക. ഗില്ലിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷനായിരുന്നു ആദ്യ രണ്ട് മത്സരങ്ങളിലും രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തത്.
മിന്നും ഫോമിലുള്ള രോഹിത് ശര്‍മയും ഗില്ലും ചേര്‍ന്നായിരിക്കും പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് വേണ്ടി ഓപ്പണ്‍ ചെയ്യുക. പാക് പടയ്‌ക്ക് പലപ്പോഴും തലവേദനയാകാറുള്ള വിരാട് കോലിയാണ് മൂന്നാം നമ്പറില്‍. അവസാന രണ്ട് മത്സരങ്ങളിലും വിരാട് കോലി അര്‍ധ സെഞ്ച്വറി നേടിയിരുന്നു.
നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാമനായി കെഎല്‍ രാഹുലും ക്രീസിലേക്ക് എത്താനാണ് സാധ്യത. ഹാര്‍ദിക് പണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരാകും പിന്നാലെ ബാറ്റിങ്ങിനെത്തുന്നത്. പേസ് ബൗളിങ് ഓള്‍റൗണ്ടറായി ശര്‍ദുല്‍ താക്കൂര്‍ തന്നെ ടീമില്‍ തുടരാനാണ് സാധ്യത.
ശര്‍ദുലിനെ ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ പേസര്‍ മുഹമ്മദ് ഷമിയാകും ടീമിലേക്ക് എത്തുക. സ്‌പിന്നറായി കുല്‍ദീപ് യാദവ് തുടര്‍ന്നേക്കും. പാക് മധ്യനിരയില്‍ വലംകയ്യന്‍ ബാറ്റര്‍മാര്‍ ഉള്ളതുകൊണ്ട് തന്നെ അശ്വിന് ഇന്നും പുറത്തിരിക്കേണ്ടി വരും. ജസ്പ്രീത് ബുംറയും, മുഹമ്മദ് ഷമിയും തന്നെയാകും ഇന്നും പന്തുകൊണ്ട് പാക് നിരയ്‌ക്ക് വെല്ലുവിളിയാകാന്‍ ഇറങ്ങുന്നത്.
ഇന്ത്യ സാധ്യത പ്ലേയിങ് ഇലവന്‍ (India Predicted Playing XI Against Pakistan): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍/മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.