ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്‌ക്ക് 65 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 191 റണ്‍സാണ് നേടിയത്. സൂര്യകുമാർ യാദവിന്‍റെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യൻ ഇന്നിംഗ്‌സിന് കരുത്തായത്.
മറുപടിക്കിറങ്ങിയ ന്യൂസിലന്‍ഡ് 18.5 ഓവറില്‍ 126 റണ്‍സിന് പുറത്തായി. ഇന്ത്യയ്‌ക്കായി ദീപക് ഹൂഡ നാലും യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ സ്വന്തമാക്കി. 52 പന്തില്‍ 61 റണ്‍സ് നേടിയ നായകന്‍ കെയ്‌ന്‍ വില്യംസണ്‍ മാത്രമാണ് കിവീസിനായി പൊരുതിയത്.
192 റണ്‍സിന്‍റെ വമ്പന്‍ ലക്ഷ്യം പിന്തുടരാനിറങ്ങിയ കിവീസിന് മോശം തുടക്കമാണ് ലഭിച്ചത്. ഇന്നിങ്സിന്‍റെ രണ്ടാം പന്തില്‍ ഫിന്‍ അലനെ സംഘത്തിന് നഷ്‌ടമായി. അക്കൗണ്ട് തുറക്കാനാവാതിരുന്ന അലനെ ഭുവനേശ്വർ കുമാർ അര്‍ഷ്‌ദീപ് സിങ്ങിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ വില്യംസണൊപ്പം സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ മറ്റൊരു ഓപ്പണറായ ഡെവൺ കോൺവേ വീണു. 22 പന്തില്‍ 25 റണ്‍സെടുത്ത കോണ്‍വെയെ വാഷിങ്‌ടണ്‍ സുന്ദറാണ് പുറത്താക്കിയത്.
ഇതിനിടെ വില്യംസണ്‍ ഒരറ്റത്ത് നിലയുറപ്പിച്ചെങ്കിലും ഗ്ലെൻ ഫിലിപ്‌സ് (12), ഡാരിൽ മിച്ചൽ (10), ജെയിംസ് നീഷാം (0) മിച്ചൽ സാന്‍റ്‌നർ (2) എന്നിവര്‍ വന്ന പാടെ തിരിച്ച് കയറിയത് ന്യൂസിലൻഡിന് തിരിച്ചടിയായി. തുടര്‍ന്ന് 18ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ വില്യംസണും മടങ്ങിയതോടെ കിവീസിന്‍റെ പതനം പൂര്‍ത്തിയായി. ഈ സമയം ഏഴ് വിക്കറ്റിന് 124 റണ്‍സ് എന്ന നിലയിലായിരുന്നു കിവീസ്.
തുടര്‍ന്നെത്തിയ ആദം മിൽനെ (6) , ഇഷ് സോധി (1) , ടിം സൗത്തി (0) എന്നിവര്‍ ഹൂഡയ്‌ക്ക് മുന്നില്‍ വീണതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. ലോക്കി ഫെർഗൂസൺ (1) പുറത്താവാതെ നിന്നു. ഇന്ത്യയ്‌ക്കായി 2.5 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങിയാണ് ഹൂഡ നാല് വിക്കറ്റ് സ്വന്തമാക്കിയത്.
സ്കൈ എന്ന വിസ്‌മയം: സൂര്യകുമാര്‍ യാദവിന്‍റെ തകർപ്പൻ സെഞ്ചുറി പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറ്റ് ഇന്ത്യൻ ബാറ്റർമാർ നിറം മങ്ങിയപ്പോൾ വൺഡൗണായെത്തി ഏഴ് സിക്‌സും 11 ഫോറും അടക്കം 51 പന്തില്‍ പുറത്താകാതെ 111 റൺസ് നേടിയാണ് ടി20യിലെ ലോക ഒന്നാം നമ്പർ ബാറ്ററായ സൂര്യ തിളങ്ങിയത്. കരിയറിലെ രണ്ടാം അന്താരാഷ്ട്ര ടി20 സെഞ്ച്വറിയാണ് സൂര്യ ബേ ഓവലില്‍ സ്വന്തമാക്കിയത്.
മഴപ്പേടിയില്‍ തുടങ്ങിയ രണ്ടാം ടി 20യില്‍ ടോസ് നേടിയ കിവീസ് നായകൻ കെയ്‌ൻ വില്യംസൺ ഇന്ത്യയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. സഞ്ജു സാംസണെ പുറത്തിരുത്തിയപ്പോൾ ഇഷാൻ കിഷനും റിഷഭ് പന്തുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാരായത്. പന്ത് ആറ് റൺസുമായി പുറത്തായപ്പോൾ ഇഷാൻ കിഷൻ 36 റൺസെടുത്ത് പുറത്തായി.
13 റൺസെടുത്ത ശ്രേയസ് അയ്യർ ഹിറ്റ് വിക്കറ്റായപ്പോൾ 13 റൺസെടുത്ത നായകൻ ഹാർദിക് പാണ്ഡ്യ ദീപക് ഹൂഡ (0), വാഷിങ്‌ടൺ സുന്ദർ (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ന്യൂസിലൻഡ് ബൗളർ ടിം സൗത്തി ടി20യിലെ ഹാട്രിക് പൂർത്തിയാക്കി.
ടിം സൗത്തി മൂന്ന് വിക്കറ്റ് നേടിയപ്പോൾ ലോക്കി ഫെർഗൂസൻ രണ്ട് വിക്കറ്റും ഇഷ് സോധി ഒരു വിക്കറ്റും നേടി. വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലത്തി. പരമ്പരയിലെ ആദ്യ മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.