ന്യൂഡൽഹി : വിരമിച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾക്കായുള്ള ലെജൻഡ്‌സ് ലീഗിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ടീമിന്‍റെ പേര് പ്രഖ്യാപിച്ചു. 'ഇന്ത്യ മഹാരാജ' എന്ന് പേരിട്ടിട്ടുള്ള ടീമിൽ വിരേന്ദ്ര സെവാഗ്, യുവരാജ് സിങ്, ഹർഭജൻ സിങ് തുടങ്ങി പല പ്രമുഖ താരങ്ങളും പങ്കെടുക്കും. മൂന്ന് ടീമുകളാണ് ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്നത്. ജനുവരി 20ന് ഒമാനിലെ അൽ അമേറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
ഇർഫാൻ പത്താൻ, യൂസഫ് പത്താൻ, ബദരീനാഥ്, ആർപി സിംഗ്, പ്രഗ്യാൻ ഓജ, നമൻ ഓജ, മൻപ്രീത് ഗോണി, ഹേമാംഗ് ബദാനി, വേണുഗോപാൽ റാവു, മുനാഫ് പട്ടേൽ, സഞ്ജയ് ബംഗാർ, നയൻ മോംഗിയ, അമിത് ഭണ്ഡാരി എന്നീ മുൻ ഇതിഹാസ താരങ്ങൾ ഇന്ത്യ മഹാരാജയുടെ ഭാഗമായി കളത്തിലിറങ്ങും.
ഏഷ്യ ലയൺസ് എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു ടീമിൽ പാകിസ്ഥാൻ, ശ്രീലങ്കൻ മുൻ ഇതിഹാസ താരങ്ങളാണ് പങ്കെടുക്കുക. ഷൊയ്ബ് അക്തർ, ഷാഹിദ് അഫ്രീദി, സനത് ജയസൂര്യ, മുത്തയ്യ മുരളീധരൻ, കമ്രാൻ അക്‌മൽ, ചാമിന്ദ വാസ്, റൊമേഷ് കലുവിതാരണ, തിലകരത്‌നെ ദിൽഷൻ, അസ്ഹർ മഹ്മൂദ്, ഉപുൽ തരംഗ, മിസ്ബാഹ് ഉൾ- മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, മുഹമ്മദ് യൂസഫ്, ഉമർ ഗുൽ, അഫ്‌ഗാൻ മുൻ നായകൻ അസ്‌ഗർ അഫ്‌ഗാൻ എന്നിവരാണ് ടീമിലെ അംഗങ്ങൾ.
അതേസമയം മത്സരം ആരാധകർക്ക് പഴയ പ്രതാപ കാലത്തിലേക്കുള്ള തിരിച്ചുപോക്ക് ആയിരിക്കുമെന്ന് ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് കമ്മിഷണറായ രവി ശാസ്‌ത്രി പറഞ്ഞു. യഥാർഥ രാജാക്കന്മാരെപ്പോലെ അവർ വരും, അവർ കളിക്കും, അഫ്രീദി, മുരളി, ചാമിന്ദ, ഷോയിബ് എന്നിവർക്കെതിരെ സെവാഗ്, യുവരാജ്, ഭാജി എന്നിവർ കളിക്കുമ്പോൾ അത് ആരാധകർക്ക് പഴയ കാലത്തേക്കുള്ള തിരിച്ചുപോക്ക് ആയിരിക്കും, ശാസ്ത്രി പറഞ്ഞു.