കറാച്ചി: സഹീർ ഖാന്‍റെ ഏറ്റവും മികച്ച പകരക്കാരനെയാണ് അർഷ്‌ദീപ് സിങ്ങിലുടെ ഇന്ത്യ കണ്ടെത്തിയതെന്ന് പാകിസ്ഥാൻ മുന്‍ താരം കമ്രാൻ അക്‌മൽ. അർഷ്‌ദീപ് ബുദ്ധിമാനും മാനസികമായി ശക്തനുമായ കളിക്കാരനാണെന്നും കമ്രാൻ അക്‌മൽ പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് പാക് മുന്‍ താരത്തിന്‍റെ പ്രതികരണം.
"അർഷ്‌ദീപ് സിങ് അസാമാന്യ ബോളറാണ്. ഇന്ത്യൻ ടീം അവരുടെ അടുത്ത സഹീർ ഖാനെ കണ്ടെത്തിയെന്ന് ഞാൻ കരുതുന്നു. അർഷ്‌ദീപിന് പേസും സ്വിങ്ങുമുണ്ട്. എങ്ങനെയാണ് പന്തെറിയേണ്ടതെന്ന വ്യക്തമായ ധാരണയുള്ള താരം മാനസികമായി ശക്തനുമാണ്.
അവന്‍ സ്വന്തം കഴിവുകളെക്കുറിച്ച് അറിയുകയും സാഹചര്യങ്ങൾക്കനുസരിച്ച് അവ ഉപയോഗിക്കുകയും ചെയ്യുന്നു. ഉജ്ജ്വലമായാണ് അവന്‍ പന്തെറിയുന്നത്. സഹീർ ഖാന് ശേഷം ഒരു ഇടങ്കയ്യൻ താരത്തെ ആവശ്യമായതിനാൽ ടീം ഇന്ത്യയ്ക്ക് ഇത് ഒരു നല്ല സൂചനയാണ്", കമ്രാൻ അക്‌മൽ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായതിന് പിന്നാലെയാണ് അര്‍ഷ്‌ദീപിനെ കമ്രാന്‍ പുകഴ്‌ത്തിയത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചിരുന്നത്. മൂന്ന് വിക്കറ്റ് നേടിയ അര്‍ഷ്‌ദീപ് കളിയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.
സമീപകാലത്തായി ഇന്ത്യന്‍ ബോളിങ് നിരയില്‍ പ്രധാനിയായി ഉയരുന്ന താരമാണ് 23കാരനായ അര്‍ഷ്‌ദീപ് സിങ്. ഈ വർഷം ആദ്യം ഇംഗ്ലണ്ടിലാണ് താരം അരങ്ങേറ്റം കുറിച്ചത്. ഡെത്ത് ഓവറുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള താരത്തിന്‍റെ മിടുക്ക് ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.
അതേസമയം പ്രോട്ടീസിനെതിരായ മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരം നാളെ (ഒക്‌ടോബര്‍ 2) ഗുവാഹത്തിയില്‍ നടക്കും. പരിക്കേറ്റ് പുറത്തായ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീതം ബുംറയ്‌ക്ക് പകരക്കാരനായി മുഹമ്മദ് സിറാജിനെ ബിസിസിഐ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
also read:ടി20 ലോകകപ്പ്: ടീമില്‍ നിന്നും ബുംറ പുറത്തായിട്ടില്ലെന്ന് സൗരവ് ഗാംഗുലി