ലണ്ടൻ: ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ ലീഡ്‌സിൽ തുടക്കമാകും. രണ്ട് മത്സരം കഴിഞ്ഞപ്പോൾ പരമ്പരയിൽ 1-0 ന് മുന്നിൽ നിൽക്കുന്ന ഇന്ത്യ നാളത്തെ മത്സരം ജയിച്ച് ലീഡുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്. അതേസമയം ജയത്തോടെ മത്സരത്തിൽ തിരിച്ചുവരാനാണ് ഇംഗ്ലണ്ട് ലക്ഷ്യം വയ്‌ക്കുന്നത്.
ആദ്യ മത്സരം മഴമൂലം സമനിലയിൽ കലാശിച്ചപ്പോൾ ലോർഡ്സിൽ നടന്ന രണ്ടാം മത്സരത്തിൽ 151 റണ്‍സിന്‍റെ ഐതിഹാസിക വിജയം ഇന്ത്യ നേടിയിരുന്നു.
ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.
ഫോമില്ലായ്‌മ പ്രശ്നം
രണ്ടാം ടെസ്റ്റിൽ നിന്ന് വലിയ മാറ്റങ്ങളൊന്നുമില്ലാതെയാകും മൂന്നാം ടെസ്റ്റിന് ഇന്ത്യ ഇറങ്ങുക. ക്യാപ്‌റ്റന്‍ വിരാട് കോലി, അജങ്ക്യ രഹാനെ, ചേതേശ്വർ പുജാര എന്നിവരുടെ ഫോമില്ലായ്‌മ ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
പൂജാരക്ക് പകരം സൂര്യകുമാർ യാദവിനെ പരിഗണിക്കണം എന്ന അഭിപ്രായം ശക്തമായി ഉയരുന്നുണ്ടെങ്കിലും അതിനുള്ള സാധ്യതയില്ല.
ഇഷാന്തോ ഷാർദുലോ? നാലാം പേസർ ആരാകും
നാല് പേസർമാരുമായി ഇന്ത്യ മുന്നോട്ടുപോകാനാണ് സാധ്യത. എന്നാൽ നാലാം പേസറായി ആരെ കളിപ്പിക്കും എന്ന കാര്യത്തിൽ ടീമിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.
ആദ്യ മത്സരം കളിച്ച ഷാർദുൽ താക്കൂർ പരിക്ക് മൂലം രണ്ടാം മത്സരം കളിച്ചിരുന്നില്ല. എന്നാൽ താരം ഇപ്പോൾ പരിക്ക് ഭേദമായി തിരിച്ചെത്തിയിട്ടുണ്ട്.
ഷാർദുലിന് പകരം രണ്ടാം മത്സരത്തിൽ കളിച്ച ഇഷാന്തും മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. അതിനാൽ തന്നെ മൂന്നാം ടെസ്റ്റിൽ ഇവരിൽ ആരെ കളിപ്പിക്കും എന്നറിയാതെ കുഴയുകയാണ് ടീം മാനേജ്‌മെന്‍റ്.
ബാറ്റിങ് മികവ് കൂടി പരിഗണിച്ചാൽ ഷാർദുലിനാണ് അവസരത്തിന് സാധ്യതയെങ്കിലും ഇഷാന്തിനെയും പാടെ ഒഴിവാക്കാനാകില്ല.
അശ്വിൻ തിരികെയെത്താൻ സാധ്യത
മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും അന്തിമ ഇലവനില്‍ കളിക്കുമെന്ന് ഉറപ്പാണ്. സ്‌പിന്നറായി ജഡേജ തുടരുമോ അതോ അശ്വിൻ കളിക്കുമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
എങ്കിലും രണ്ടാം ദിനം പിച്ചിൽ നല്ല ടേണ്‍ ലഭിക്കുമെന്നതിനാൽ അശ്വിന് അവസരം ലഭിക്കാനാണ് കൂടുതൽ സാധ്യത.
ALSO READ: ഇഷാന്തോ ഷാർദുലോ; ആശയക്കുഴപ്പത്തിൽ ഇന്ത്യൻ ടീം
അതേസമയം ഇംഗ്ലണ്ട് ടീമും പരിക്കിന്‍റെ പിടിയിലാണ്. പരിക്ക് മൂലം സ്റ്റ്യൂവര്‍ട്ട് ബ്രോഡിനെ തുടക്കത്തിലേ നഷ്ടമായ ഇംഗ്ലണ്ടിന് മൂന്നാം ടെസ്റ്റില്‍ മാര്‍ക്ക് വുഡിനെയും നഷ്ടമാവും.
ജോഫ്ര ആര്‍ച്ചറും ക്രിസ് വോക്‌സ് പരിക്കുമൂലം പരമ്പരയിൽ നിന്ന് പിൻമാറിയിരുന്നു. കൂടാതെ ഇംഗ്ലണ്ട് ബാറ്റിങ് നിരയും മോശം പ്രകടനമാണ് കാഴ്‌ചവെക്കുന്നത്.