ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇതിഹാസ വനിത പേസര്‍ ജൂലന്‍ ഗോസ്വാമി വിരമിക്കുന്നതായി റിപ്പോര്‍ട്ട്. വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത് ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ഏകദിനത്തിലാവും 39കാരിയായ ജൂലന്‍ അവസാന മത്സരം കളിക്കുകയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 2002ല്‍ ഇംഗ്ലണ്ടിനെതിരെ തന്‍റെ 19-ാം വയസില്‍ അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തിയ താരം രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനാണ് തിരശീലയിടുന്നത്.
മൂന്ന് ഫോര്‍മാറ്റിലുമായി 362 വിക്കറ്റുകളുമായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ വനിത ബോളറെന്ന നേട്ടത്തോടെയാണ് ജൂലന്‍ ക്രിക്കറ്റ് മതിയാക്കുന്നത്. ഇതില്‍ 252 വിക്കറ്റുകളും ഏകദിന ഫോര്‍മാറ്റിലായിരുന്നു. ഏകദിന ക്രിക്കറ്റില്‍ 200 വിക്കറ്റുകള്‍ തികയ്‌ക്കുന്ന ആദ്യ വനിത ബോളറാണ് ജൂലന്‍.
ഇന്ത്യയ്‌ക്കായി 12 ടെസ്റ്റും 201 ഏകദിനങ്ങളും 68 ടി20കളും ജൂലന്‍ കളിച്ചിട്ടുണ്ട്. നാല് ലോകകപ്പുകളിലും താരം രാജ്യത്തെ പ്രതിനിധീകരിച്ചു. 2018 ഓഗസ്റ്റില്‍ അന്താരാഷ്‌ട്ര ടി20യില്‍ നിന്നും വിരമിച്ച താരം, കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരായാണ് അവസാന ടെസ്റ്റ് കളിച്ചത്.
അതേസമയം ഈ വര്‍ഷം തുടക്കത്തില്‍ നടന്ന ഏകദിന ലോകകപ്പില്‍ അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞ താരത്തെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് അടുത്തിടെ ഇന്ത്യയുടെ ലങ്കന്‍ പര്യടനം താരത്തിന് നഷ്‌ടമായിരുന്നു. സെപ്‌റ്റംബറിലാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്നത്. 24-ാം തിയതിയാണ് മൂന്നാം ഏകദിനം.