മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20-യില്‍ ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബംഗ്ലാദേശിനെ ബോളിങ്ങിന് അയയ്‌ക്കുകയായിരുന്നു. മിര്‍പൂരിലെ ഷേർ-ഇ-ബംഗ്ല നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ കളിക്കുന്നത്. മിന്നു മണിയുടെ പ്രകടനത്തിലേക്കാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. ഒന്നാം ടി20-യിലൂടെ അരങ്ങേറ്റം നടത്തിയ വയനാട്ടുകാരി ബോളിങ്ങില്‍ തിളങ്ങിയിരുന്നു. ഓള്‍റൗണ്ടറായ താരത്തിന് ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല. ഇന്ന് ബാറ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ മിന്നു മിന്നുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
മത്സരം കാണാനുള്ള വഴി: ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ വനിതകളുടെ മത്സരങ്ങള്‍ ഇന്ത്യയിൽ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നില്ല. ഫാൻകോഡ് ആപ്പില്‍ കളിയുടെ തത്സമയ സ്‌ട്രീമിങ് ലഭ്യമുണ്ട്. കൂടാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും മത്സരം തത്സമയം ലഭ്യമാണ്.
ഇന്ത്യൻ വനിതകൾ (പ്ലേയിങ് ഇലവൻ): ഷഫാലി വർമ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റന്‍), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ദീപ്തി ശർമ, പൂജ വസ്‌ത്രാകർ, അമൻജോത് കൗർ, ബാറെഡ്ഡി അനുഷ, മിന്നു മണി.
ബംഗ്ലാദേശ് വനിതകൾ (പ്ലേയിങ് ഇലവൻ): ഷാതി റാണി, ഷമീമ സുൽത്താന, ശോഭന മോസ്‌തരി, നിഗർ സുൽത്താന (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ഷൊർന അക്‌തർ, റിതു മോനി, നഹിദ അക്‌തർ, ഫാഹിമ ഖാത്തൂൺ, മറുഫ അക്‌തർ, സുൽത്താന ഖാത്തൂൺ, റബേയ ഖാൻ.
മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു. ഇതോടെ ഇന്ന് വിജയിക്കാന്‍ കഴിഞ്ഞാല്‍ ഒരു മത്സരം ബാക്കി നില്‍ക്കേ തന്നെ സന്ദര്‍ശകരായ ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ ടി20യില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ബംഗ്ലാദേശ് വനിതകള്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 114 റണ്‍സായിരുന്നു നേടിയിരുന്നത്.
28 പന്തില്‍ 28 റണ്‍സ് നേടി പുറത്താവാതെ നിന്ന ഷൊർന അക്തറായിരുന്നു ആതിഥേയരുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്‌ക്കായി മിന്നു മണി മൂന്ന് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തിയിരുന്നു. മിന്നുവിന് പുറമെ പൂജ വസ്‌ത്രാകറും ഷഫാലി വര്‍മ്മയും ഓരോ വിക്കറ്റുകള്‍ നേടിയിരുന്നു.
മറുപടിക്കിറങ്ങിയ ഇന്ത്യ 16.2 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്‌ടത്തിലാണ് ലക്ഷ്യം മറികടന്നത്. അപരാജിത അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ വിജയശില്‍പി. 35 പന്തില്‍ 54* റണ്‍സായിരുന്നു താരം നേടിയത്. 34 പന്തില്‍ 38 നേടിയ സ്‌മൃതി മന്ദാനയും തിളങ്ങി.